കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ആവശ്യവുമായി ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന നവ്യ ഹരിദാസ്. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവ്യ ഹരിദാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമെന്നാണ് ആക്ഷേപം.
പ്രിയങ്ക ഗാന്ധി നാമനിര്‍ദ്ദേശ പത്രികയ്ക്ക് ഒപ്പം നല്‍കിയ സ്വത്ത് വിവരങ്ങള്‍ വസ്തുതാ വിരുദ്ധമെന്നും ഹര്‍ജിയില്‍ പറയുന്നു. 54 കോടിയിലധികം സ്വത്തുണ്ടെന്ന വിവരങ്ങളാണ് പ്രിയങ്ക നല്‍കിയത്. എന്നാല്‍ ഈ വിവരങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നാണ് നവ്യയുടെ പരാതി. അവധിക്കാലത്തിന് ശേഷം ഹൈക്കോടതി കേസ് പരിഗണിക്കും.
പ്രിയങ്ക ഗാന്ധി ലോക്‌സഭയിലേക്ക് ആദ്യമായി മത്സരിച്ചതും വിജയിച്ചതും വയനാട് ലോക്‌സഭാ മണ്ഡലത്തിലാണ്. മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ജയം. പ്രിയങ്ക എംപിയായതോടെ കുടുംബത്തിലെ മൂന്ന് പേര്‍ എംപിമാരാണെന്ന പ്രത്യേകതയും ഗാന്ധി കുടുംബത്തിനുണ്ട്. രാഹുല്‍ ഗാന്ധി റായ്ബറേലിയെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാ അംഗമാണ്. സോണിയ ഗാന്ധി രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ്.
രാഹുലിൻ്റെയും സോണിയയുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെയാണ് പ്രിയങ്ക രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പിന്നീട് 2019 ല്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിൻ്റെ ചുമതലയേറ്റെടുക്കുകയും ഒരു വര്‍ഷത്തിനപ്പുറം മൊത്തം യുപിയുടെ ചുമതലയിലേക്ക് വരികയുമായിരുന്നു. നിലവില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയാണ് പ്രിയങ്ക ഗാന്ധി.
Content Highlights: Navya Haridas complaint on Priyanka Gandhi s success in Wayanad Election