കൊച്ചി: എറണാകുളം നെല്ലിക്കുഴിയില്‍ ആറ് വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയത് ജനിക്കാനിരിക്കുന്ന കുട്ടിയുള്‍പ്പെടുന്ന പുതിയ ജീവിതത്തിന് തടസമാകുമോ എന്ന ആശങ്കയിലെന്ന് പൊലീസ്. ഉത്തര്‍പ്രദേശ് സ്വദേശിയായ അജാസ് ഖാന്റെ രണ്ടാം ഭാര്യയാണ് പ്രതി നിഷ. ഈ ബന്ധത്തില്‍ നിഷ ഗര്‍ഭിണിയിയായിരുന്നു, കുഞ്ഞ് ജനിക്കുമ്പോള്‍ ആദ്യ ഭാര്യയിലുണ്ടായ മുസ്‌കാന്‍ തങ്ങളുടെ ജീവിതത്തിന് തടസമാകുമോ എന്ന ചിന്തയായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. നിഷയുടേയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുമുണ്ട്.
നേരത്തെ കൊലപാതകത്തില്‍ അജാസിനെ പങ്കുണ്ടോ എന്ന് പൊലീസ് സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ അജാസിന് പങ്കില്ലെന്ന് പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിലായിരുന്നു നിഷ കുറ്റം സമ്മതിച്ചത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നെല്ലിക്കുഴി ഇരുമലപ്പടിയ്ക്ക് സമീപം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു അജാസ് ഖാനും കുടുംബവും. ആറ് മാസങ്ങള്‍ക്ക് മുന്‍പ് ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞതോടെയാണ് അജാസ് നിഷയെ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് മുസ്‌കാനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ അജാസ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ വിളിച്ചപ്പോള്‍ എഴുന്നേല്‍ക്കുന്നില്ല എന്നായിരുന്നു ഇവര്‍ പൊലീസിനോട് പറഞ്ഞത്. പിന്നാലെ പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
Content Highlight: Six year old murdered in Ernakulam, step mother will be produced before court today