ഇടുക്കി: സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സിപിഐഎം മുന്‍ ഏരിയാ സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മരിച്ച സാബുവിന്റെ ഭാര്യ മേരിക്കുട്ടി. 17 വര്‍ഷത്തെ സമ്പാദ്യമാണ് ബാങ്കില്‍ നിക്ഷേപിച്ചത്. എന്നാല്‍ ഒരുഘട്ടത്തില്‍പോലും ആവശ്യത്തിന് പണം നല്‍കിയിരുന്നില്ലെന്ന് മേരിക്കുട്ടി പറഞ്ഞു. കരഞ്ഞുകൂവി ബാങ്കില്‍ നിന്നും ഇറങ്ങി വന്നിട്ടുണ്ട്. എന്നാല്‍ ഓരോ തവണയും ബാങ്ക് ബോര്‍ഡ് യോഗം വിളിച്ച് പല വാഗ്ദാനങ്ങള്‍ നല്‍കുകയായിരുന്നുവെന്നും മേരിക്കുട്ടി പറയുന്നു. സാബു ജീവനൊടുക്കിയ സംഭവത്തില്‍ സിപിഐഎം കട്ടപ്പന മുന്‍ ഏരിയാ സെക്രട്ടറി വി ആര്‍ സജിയുടെ ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് മേരിയുടെ പ്രതികരണം.
'2007 മുതല്‍ 17 വര്‍ഷമായി ബാങ്കില്‍ നിക്ഷേപം ആരംഭിച്ചു തുടങ്ങിയതാണ്. സാബു ഓസ്‌ട്രേലിയയില്‍ ജോലി ചെയ്തു തുടങ്ങിയപ്പോഴാണ് നിക്ഷേപം ആരംഭിച്ചത്. ഇത്രയും വര്‍ഷത്തെ നിക്ഷേപം ആണത്. കഞ്ഞിക്കുഴിയില്‍ സ്ഥലം വിറ്റ് മേല്‍പ്പണം കൊടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നു. 10 ലക്ഷം രൂപ അഡ്വാന്‍സ് കൊടുക്കണമായിരുന്നു. അങ്ങനെയാണ് ബാങ്കില്‍ എത്തിയത്. എന്നാല്‍ പണം ഇപ്പോള്‍ ഉണ്ടാവില്ലെന്നും ഒരുതരത്തിലും നടക്കില്ലെന്നും പറഞ്ഞ് സെക്രട്ടറിയും ആള്‍ക്കാരും തങ്ങള്‍ നടത്തുന്ന കടയില്‍ വന്നു. പലപ്രാവശ്യം കടയില്‍ വന്ന് ഇതുതന്നെയാണ് പറഞ്ഞത്. കുറച്ചു ദിവസം കഴിഞ്ഞാണ് അഡ്വാന്‍സ് നല്‍കാനുള്ള തുക നല്‍കിയത്. പിന്നീട് ഭൂമിയുടെ മൊത്തം തുക കൊടുക്കേണ്ടി വന്നപ്പോള്‍ ഞങ്ങള്‍ വീണ്ടും ബാങ്കിലെത്തി. പലപ്രാവശ്യം ബാങ്കില്‍ പോയി കരഞ്ഞിറങ്ങേണ്ടി വന്നു. ഞാനാണ് ബാങ്ക് ഇടപാട് നടത്തുന്നത്. അഞ്ച് ലക്ഷം വെച്ച് മാസം തോറും നല്‍കാമെന്നാണ് ബാങ്ക് ബോര്‍ഡ് യോഗം വിളിച്ച ശേഷം പറഞ്ഞത്', മേരിക്കുട്ടി പറയുന്നു.
'ഒരു മാസം കഴിഞ്ഞപ്പോഴാണ് അഞ്ച് ലക്ഷം രൂപയൊന്നും തരാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞത്. പലരും പൈസ അടക്കാനുണ്ടെന്നായിരുന്നു ബാങ്ക് അറിയിച്ചത്. മൂന്ന് ലക്ഷം രൂപവെച്ച് നല്‍കാമെന്നായിരുന്നു പിന്നീട് പറഞ്ഞത്. ജനുവരിയില്‍ മൂന്ന് ലക്ഷം രൂപ തന്നു. അപ്പോള്‍ മാത്രമെ വഴക്കിടാതെ പൈസ തന്നുള്ളൂ. പിന്നീട് ബോര്‍ഡ് മീറ്റിംഗ് വിളിച്ച് ഒരു ലക്ഷം രൂപയും പലിശയും തരാമെന്ന് പറഞ്ഞു. ഒടുവില്‍ സമ്മതിച്ചു. കുട്ടികളുടെ വിദ്യാഭ്യാസവും മാതാപിതാക്കളുടെ ചികിത്സയും അടക്കം ഞങ്ങള്‍ക്ക് നിരവധി ആവശ്യങ്ങളുണ്ടായിരുന്നു. പോകുമ്പോഴൊന്നും പണം നല്‍കിയില്ല. നിൻ്റെ അമ്മയ്ക്ക് കാന്‍സര്‍ ആണോയെന്നാണ് ഒരിക്കല്‍ ബാങ്ക് ചോദിച്ചത്. കരഞ്ഞുകൂവിയാണ് ഇറങ്ങിപോയത്. അതുപോലെ ദ്രോഹിച്ചിട്ടുണ്ട്', മേരി വ്യക്തമാക്കി.
'ഒന്നരവര്‍ഷമാണ് ഇതിൻ്റെ പിറകെ വന്നത്. ഓപ്പറേഷന്‍ കേസ് വന്നപ്പോള്‍ ഇന്‍ഷൂറന്‍സ് കിട്ടിയില്ല. സാബു ബാങ്കില്‍ പോയെങ്കിലും പണം കിട്ടിയില്ല. തൊട്ടടുത്ത ദിവസം കൊച്ച് പോയി. 40,000വെച്ച് രണ്ട് തവണയായി പണം തന്നു. മൊത്തം 80,000 തന്നു. അതു തികയില്ല. ബാക്കി തുകയ്ക്കായി സാബു ബാങ്കില്‍ പോയപ്പോഴാണ് ഈ സംഭവങ്ങള്‍ ഉണ്ടാവുന്നത്. 'പോടാ പുല്ലേ' എന്നു പറഞ്ഞ് ബിനോയ് തള്ളിവിട്ടുവെന്നാണ് പറഞ്ഞത്. അതിന് ശേഷം കേക്കും കലണ്ടര്‍ എല്ലാം വിതരണം ചെയ്യാനായി അവര്‍ പോയി. അവരുടെ കൈയ്യില്‍ പണം ഉണ്ടെന്നും നമുക്ക് തരാത്തത് ആണ് എന്നുമാണ് സാബു എന്നോട് പറഞ്ഞത്. 80,000 കൊണ്ട് അഡ്ജസ്റ്റ് ചെയ്യാനാണ് ഞാന്‍ വിളിച്ചപ്പോള്‍ റെജി എന്നയാള്‍ പറഞ്ഞത്. മൂന്ന് മണിയാവുമ്പോഴേക്കും അക്കൗണ്ടില്‍ പണം വരുമെന്ന് പറഞ്ഞു. എന്നാല്‍ പണം വന്നില്ല. ഫോണില്‍ വിളിച്ചപ്പോള്‍ ഒരാളുടെ കൈയ്യില്‍ ഫോണ്‍കൊടുക്കാമെന്നായിരുന്നു പറഞ്ഞത്. അതാണ് വി ആര്‍ സജി', മേരിക്കുട്ടി പറയുന്നു.