പാലക്കാട്: മാധ്യമങ്ങൾക്കെതിരെ നടത്തിയ 'പട്ടി' പരാമർശത്തിൽ സിപിഐഎം സംസ്ഥാന സമിതി അംഗം എൻ എൻ കൃഷ്ണദാസിനെതിരെ സിപിഐഎമ്മിൻ്റെ രൂക്ഷവിമർശനം. ഇറച്ചിക്കടയുടെ മുന്നിൽ നിൽക്കുന്ന പട്ടികളെന്ന പരാമർശം മുഴുവൻ മാധ്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ നേതാക്കൾ വിമർശിച്ചു. പാർട്ടി ഇടപെട്ടിട്ടും പ്രതികരണം തിരുത്താൻ കൃഷ്ണദാസ് തയാറായില്ലെന്നും വിമർശനമുണ്ടായി. യോഗത്തിൽ പെട്ടി വിഷയവും ചർച്ചയായി.
പാർട്ടിയുമായി ഇടഞ്ഞുനിന്ന സിപിഐഎം നേതാവ് അബ്ദുൽ ഷുക്കൂറിനെ അനുനയിപ്പിച്ച ശേഷമായിരുന്നു എൻ എൻ കൃഷ്ണദാസിന്റെ 'പട്ടി' പരാമർശം. 'സിപിഐഎമ്മിൽ പൊട്ടിത്തെറിയെന്ന് കൊടുത്തവർ ലജ്ജിച്ച് തലതാഴ്ത്തുക. രാവിലെ മുതൽ ഇപ്പോൾ വരെ ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്നതുപോലെ ഷുക്കൂറിന്റെ വീടിന് മുന്നിൽ നിന്നവർ തലതാഴ്ത്തുക. ഞാൻ ഇഷ്ടമുള്ളിടത്തോക്കെ പോകും. നിങ്ങളോട് പറയേണ്ടതില്ല. നിങ്ങൾ ആരാണ്. പാലക്കാടെ ഏത് വീട്ടിലും എനിക്ക് പോകാം'', എന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞത്.
അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ടതിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് നേരത്തെയും എൻ എൻ കൃഷ്ണദാസ് ആക്രോശിച്ചിരുന്നു. ഒരിക്കൽ ചോദ്യങ്ങളോട് രോഷത്തോടെ പ്രതികരിച്ചശേഷം മാധ്യമങ്ങളോട് കടന്നുപോകാൻ പറഞ്ഞിരുന്നു. നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോയന്നും നിങ്ങൾ കഴുകൻമാരെ പോലെ നടക്കുകയല്ലേയെന്നും തങ്ങളുടെ പാർട്ടിയിലെ കാര്യം തങ്ങൾ തീർത്തോളാമെന്നും കൃഷ്ണദാസ് അധിക്ഷേപിച്ചിരുന്നു.
Content Highlights: NN Krishnadas faces heat over 'dog' remarks against Mediapersons