വിജയരാഘവനെ പ്രതിരോധിച്ച് പാർട്ടി; പറഞ്ഞതിൽ വർഗീയതയില്ലെന്ന് പ്രധാന നേതാക്കൾ

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ടി പി രാമകൃഷ്ണനും വിജയരാഘവന് പിന്തുണയുമായി രംഗത്തെത്തി

dot image

വയനാട്: വയനാട് തിരഞ്ഞെടുപ്പ് പരാമർശം വിവാദമായതിന് പിന്നാലെ വിജയരാഘവനെ പ്രതിരോധിച്ച് പാർട്ടിയിലെ പ്രധാന നേതാക്കൾ തന്നെ രംഗത്ത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ടി പി രാമകൃഷ്ണനും വിജയരാഘവന് പിന്തുണയുമായി രംഗത്തെത്തി.

വിജയരാഘവൻ മുസ്ലിങ്ങൾക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല എന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്. ജമാഅത്തെ ഇസ്ലാമിക്കെതിരായി വിമർശിച്ചാൽ മുസ്ലീങ്ങൾക്കെതിരാവില്ല. ആർഎസ്എസിനെതിരായി പറഞ്ഞാൽ ഹിന്ദുക്കൾക്കെതിരാകില്ല. മുസ്ലിം ലീഗ് വർഗീയതക്കെതിരാണെന്നാണ് പറയുന്നത്. എന്നാൽ അവർ മുസ്ലിം രാഷ്ട്രം വേണമെന്നു പറയുന്നവർക്ക് ഒപ്പവും നിൽക്കുന്നു. ന്യൂനപക്ഷ വർഗീയതയേയും ഭൂരിപക്ഷ വർഗീയതയേയും സിപിഐഎം എതിർക്കുമെന്നും ജമാഅത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടെയും സഖ്യകക്ഷിയാണ് കോൺഗ്രസ് എന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

വിജയരാഘവൻ വിമർശിച്ചത് വർഗീയ സംഘടനകളുമായി ചേർന്നുള്ള കോൺഗ്രസിൻ്റെ പ്രവർത്തനത്തെയാണ് എന്നായിരുന്നു എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്റ പ്രതികരണം. വിജയരാഘവന്റെ പരാമർശത്തിൽ വർഗീയ നിലപാട് ഇല്ല. ന്യൂനപക്ഷ ഭൂരിപക്ഷ പ്രീണനം പാർട്ടിയുടെ അജണ്ടയല്ല. എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും യുഡിഎഫിൽ ഉറപ്പിച്ചു നിർത്താനാണ് ലീഗിൻ്റെ ശ്രമമെന്നും കുറ്റപ്പെടുത്തിയ ടി പി രാമകൃഷ്ണൻ, രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിജയത്തിൽ വർഗീയശക്തികളുടെ സഹായം ഉണ്ടെന്ന് ആവർത്തിക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ഡല്‍ഹിയില്‍ എത്തിയത് മുസ്‌ലിം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയെന്നായിരുന്നു എ വിജയരാഘവൻ്റെ വിവാദ പ്രസ്താവന. പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വര്‍ഗീയതയിലെ ഏറ്റവും മോശപ്പെട്ട വര്‍ഗീയ ഘടകങ്ങള്‍ ആയിരുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു. സിപിഐഎം വയനാട് ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനത്തിലായിരുന്നു പരാമര്‍ശം.

Content Highlights: CPIM supports A Vijayaraghavan over wayanad election remarks

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us