റായ്പൂർ: വിവാഹിതരായ സ്ത്രീകൾക്കായി ഛത്തീസ്ഗഢ് സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയിൽ തട്ടിപ്പ്. നടി സണ്ണി ലിയോണിൻ്റെ പേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. താരത്തിന്റെ പേരിൽ അക്കൗണ്ട് തുറന്ന് തട്ടിപ്പ് സംഘം മാസം 1,000 രൂപ വീതമാണ് കൈക്കലാക്കിയത്. വിവാഹിതരായ സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ ലഭിക്കുന്ന പദ്ധതിയാണ് മഹ്താരി വന്ദൻ യോജന. ബിജെപി സർക്കാർ നടപ്പിലാക്കിയ പദ്ധതിയിലൂടെ നിരവധി പേർക്കാണ് ഈതുക ലഭിക്കുന്നത്. തുക നിക്ഷേപിച്ച അക്കൗണ്ടുകളിലൊന്ന് സണ്ണി ലിയോണിൻ്റെ പേരിലാണെന്ന വിവരം ഈയിടെയാണ് പുറത്തു വരുന്നത്.
ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ തലൂർ ഗ്രാമത്തിലാണ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വീരേന്ദ്ര ജോഷി എന്നയാളാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തുടർ നടപടികൾക്കായി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. തട്ടിപ്പിൽ കൂട്ടു പ്രതികളായ ഉദ്യോഗസ്ഥരെയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടാനും തീരൂമാനമായിട്ടുണ്ട്.
വിവരം പുറത്തായതിന് ശേഷം ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. മഹ്താരി വന്ദൻ യോജനയുടെ 50 ശതമാനത്തിലധികം ഗുണഭോക്താക്കളും വ്യാജമാണെന്നാണ് കോൺഗ്രസിന്റെ വാദം. കോൺഗ്രസിന് നൽകാൻ കഴിയാതിരുന്ന സഹായം ഇപ്പോൾ സംസ്ഥാനത്തെ സ്ത്രീകൾക്ക് ലഭിക്കുന്നതിന് പ്രതിപക്ഷ പാർട്ടിയ്ക്ക് അതൃപ്തിയാണെന്നും ബിജെപി തിരിച്ചടിച്ചു.
Content Highlights: 'Sunny Leone' Got ₹ 1000/Month Under Mahtari Vandana Yojana