പാലക്കാട്: പ്രതിഷേധ കരോൾ ഒരുക്കാൻ ഡിവൈഎഫ്ഐയും യൂത്ത്കോൺഗ്രസും. പാലക്കാട് നല്ലേപ്പിള്ളി സർക്കാർ യുപി സ്കൂളിലാണ് രാവിലെ ഒൻപത് മണിക്ക് ഡിവൈഎഫ്ഐയും പത്തിന് യൂത്ത് കോൺഗ്രസും പ്രതിഷേധ കരോൾ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സ്കൂളിൽ കരോൾ ആഘോഷം സംഘടിപ്പിച്ചതിന്റെ പേരിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിഎച്ച്പി പ്രവർത്തകർ അധ്യാപകരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.
സംഭവത്തിൽ മൂന്ന് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് റിമാൻഡ് ചെയ്തു. വിഎച്ച്പി ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, ജില്ലാ സംയോജക് വി സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധന്‍ എന്നിവരെയാണ് സംഭവത്തില്‍ റിമാന്‍ഡ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തത്.
'സ്‌കൂൾ സമയത്ത് കുട്ടികളെ കരോൾ വസ്തരമണിയിച്ച് സ്‌കൂളിന് പുറത്ത് റാലി നടത്തിയതാണ് ചോദ്യം ചെയ്തത്. ഭീഷണിപ്പെടുത്തിയിട്ടി'ല്ലെന്നും വിശ്വഹിന്ദു പരിഷത്ത് ജില്ലാ നേതൃത്വം പറഞ്ഞു. ചില അധ്യാപക സംഘടനകൾ വിഷയത്തിൽ മുതലെടുപ്പ് നടത്തുകയാണെന്നുമായിരുന്നു ഇവരുടെ ആരോപണം.
Content Highlights: Protest Carol of DYFI and Youth Congress today