പാലക്കാട്: നല്ലേപ്പിള്ളി സർക്കാർ യുപി സ്കൂളിൽ ക്രിസ്മസ് കരോൾ തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ബിജെപിയുടെ മുൻ ഭാരവാഹികളും സജീവ പ്രവർത്തകരുമെന്ന് ബിജെപിയിൽ നിന്നും കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ. ആക്രമണം നടത്താൻ നേതൃത്വം നൽകി റിമാൻഡിലായവരിൽ രണ്ട് പേരും മുൻ ബിജെപിയുടെ ഭാരവാഹികളാണെന്നും പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാറിനായി പ്രവർത്തിച്ചവരാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു.
പ്രതികളിലൊരാളായ വിശ്വഹിന്ദുപരിഷത്തിൻ്റെ ജില്ലാ സെക്രട്ടറി കെ അനിൽകുമാർ ചിറ്റൂരിലെ ബിജെപിയുടെ മണ്ഡലം ഭാരവാഹിയായിരുന്നു. വി സുശാസനൻ ഒബിസി മോർച്ചയുടെ പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. ബിജെപിയുടെ ഭാരവാഹികളായിരുന്ന സജീവ പ്രവർത്തകരായിരുന്നവരാണ് സ്കൂളിൽ ക്രിസ്തുമസ് കരോളിനെതിരെ ആക്രമണം സംഘടിപ്പിച്ചത്. കഴിഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. സാമുദായിക നേതാക്കളുമായി സംസാരിക്കാനും വോട്ട് ഏകോപിപ്പിക്കാനുമായി ബിജെപി ചുമതലപ്പെടുത്തിയവരാണ് സ്കൂളിൽ കരോൾ തടഞ്ഞതെന്നും സന്ദീപ് വാര്യർ ആരോപിച്ചു.
വെള്ളിയാഴ്ച സ്കൂളിൽ ആക്രമണം നടന്നതിന് ശേഷം ബിജെപിയുടെ സംസ്ഥാന നേതൃത്വം ഈ കേസ് അട്ടിമിറിക്കാൻ വേണ്ടി പൊലീസുമായി നിരന്തരം ബന്ധപ്പെട്ടു. യുവമോർച്ച നേതാക്കൾ വഴി ചിറ്റൂരിലെ പൊലീസുമായി ബന്ധപ്പെട്ട് ഈ കേസ് അട്ടിമറിക്കാനുള്ള ശ്രമം ബിജെപി സംസ്ഥാന നേതൃത്വം നടത്തിയിട്ടുണ്ട്. ഒരുവശത്ത് വല്ലാത്ത ക്രൈസ്തവ സ്നേഹം അഭിനയിച്ചു കൊണ്ട് ക്രൈസ്തവ ഭവനങ്ങളിലേയ്ക്ക് ക്രിസ്മസ് കേക്കുമായി പോകുകയും എന്നാൽ മറുവശത്ത് ക്രൈസ്തവരെ ആക്രമിക്കാനും അവരുടെ വിശ്വാസങ്ങളെ അധിക്ഷേപിക്കാനും സംഘപരിവാർ ശ്രമിക്കുന്നു. സ്കൂളിൽ കുട്ടികൾ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷങ്ങൾ തടയാനുള്ള ശ്രമം കേരളത്തിലെ മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമമാണ്. ഇരകളോടൊപ്പം ഓടുകയും അതേ സമയം വേട്ടക്കാരനോടൊപ്പം വോട്ടയാടുകയും ചെയ്യുന്ന സമീപനമാണ് ഇക്കാര്യത്തിൽ ബിജെപിക്കുള്ളത്. ഈ നിമിഷംവരെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ആക്രമണത്തെ തള്ളിപ്പറഞ്ഞിട്ടില്ല. ഇത് സൂചിപ്പിക്കുന്നത് ബിജെപിക്ക് ഇതിൽ ബന്ധമുണ്ടെന്നാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു.
ഇതരസമുദായങ്ങളുമായി ഭിന്നിപ്പ് ഉണ്ടാക്കാൻ ക്രൈസ്തവർക്കിടയിൽ നുണപ്രചരണം നടത്തുന്നുണ്ട്. മറുവശത്ത് ക്രൈസ്തവ വിശ്വാസങ്ങളെ അധിക്ഷേപിക്കുന്നുവെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി. ഹിന്ദുഭവനങ്ങളിൽ ക്രിസ്മസ് നക്ഷത്രം തൂക്കാൻ പാടില്ല മകരനക്ഷത്രമാണ് തൂക്കേണ്ടതെന്ന് കാമ്പയിൻ നടന്നു. ഈ കാമ്പയിന് നേതൃത്വം കൊടുക്കുന്നത് വി മുരളീധരനുമായി അടുത്ത ബന്ധമുള്ള മുരളീധരൻ്റെ സാമൂഹിക മാധ്യമ ഇടപെടലുകളിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഒരു വനിതയാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു. ഇവർക്ക് ബിജെപി സംസ്ഥാന അധ്യക്ഷനുമായി അടുത്ത ബന്ധമുണ്ടെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു. ഹിന്ദുഭവനങ്ങളിൽ ക്രിസ്മസ് നക്ഷത്രം തൂക്കാൻ പാടില്ല മകരനക്ഷത്രമാണ് തൂക്കേണ്ടതെന്ന കാമ്പയിനെയൊന്നും ബിജെപി നേതൃത്വം തള്ളിപ്പറഞ്ഞിട്ടില്ലെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം സ്കൂളിൽ കരോൾ ആഘോഷം സംഘടിപ്പിച്ചതിന്റെ പേരിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിഎച്ച്പി പ്രവർത്തകർ അധ്യാപകരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. സംഭവത്തിൽ മൂന്ന് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് റിമാൻഡ് ചെയ്തു. വിഎച്ച്പി ജില്ലാ സെക്രട്ടറി കെ. അനിൽകുമാർ, ജില്ലാ സംയോജക് വി സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധൻ എന്നിവരെയാണ് സംഭവത്തിൽ റിമാൻഡ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്യുകയായിരുന്നു.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തത്.
Content Highlights: Sandeep Varier said that VHP activists are ex-office bearers of BJP