ചെന്നൈ: കേരളത്തിൽ നിന്നും തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ ജനുവരി പത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയുടെ നിർദേശിച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിയാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി ഗോപിനാഥ് എന്നിവർ പ്രത്യേക സിറ്റിങ് നടത്തിയാണ് വിഷയം പരിഗണിച്ചത്.
സംഭവത്തിൽ മലയാളി ഉൾപ്പെടെ രണ്ട് പേരെ കൂടി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ലോറി ഉടമയായ ചെല്ലദുരെ കണ്ണൂർ സ്വദേശി നിഥിൻ ജോർജ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം തിരുനെൽവേലി സുത്തമല്ലി സ്വദേശികളായ മായാണ്ടി, മനോഹർ എന്നിവരെയും കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുനെൽവേലിയിലേക്ക് മെഡിക്കൽ മാലിന്യമെത്തിച്ച ലോറിയും പൊലീസ് പിടികൂടിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ചയായിരുന്നു അന്വേഷണം.
അറസ്റ്റിലായ കണ്ണൂർ സ്വദേശി നിഥിൻ ജോർജ് മാലിന്യ കമ്പനിയിലെ സൂപ്പർവൈസറാണ്. മീൻ വ്യാപാരിയായ മനോഹറും മായാണ്ടിയും കൂട്ടാളികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെയും (ആർസിസിസി) ഉള്ളൂർ ക്രെഡൻസ് ആശുപത്രിയിലെയും മാലിന്യമാണ് പ്രതികൾ തിരുനെൽവേലിയിൽ എത്തിച്ചത്. ഈ രണ്ട് ആശുപത്രികൾക്കും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ആർസിസിയിലെ മാലിന്യം നീക്കം ചെയ്യുന്നതിന് സൺ ഏജ് കമ്പനിക്കാണു കരാർ. കേസിൽ ഇതുവരെ അഞ്ചു കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുളളത്.
Content HighlIghts: The High Court intervened in the case of dumping garbage in Tirunelveli from Kerala