കോഴിക്കോട്: ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് കാരവനില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂർ പറശേരി സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയവരാണെന്ന് പൊലീസ് പറയുന്നു. എസി ഗ്യാസ് ലീക്കായതാകാം മരണ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.
പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ. പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്. മരിച്ച രണ്ടുപേരുടെ ഇൻക്വസ്റ്റ് നടപടികൾ ഇന്ന് രാവിലെ നടക്കും. എഡിഎമ്മിൻ്റെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ നടത്തുന്നത്. ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരെല്ലാം വിശദമായ പരിശോധന നടത്തും. രാത്രിയിലുള്ള പരിശോധന ഫലപ്രദമാകില്ലെന്നതിനാലാണ് എല്ലാ പരിശോധനയും പകല്‍സമയത്തേക്ക് മാറ്റിയതെന്നും അധിക്യതർ അറിയിച്ചു.
റൂറല്‍ എസ്പി പി നിധിന്‍രാജ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. ദേശീയപാതയില്‍ കരിമ്പനപ്പാലത്തെ കെടിഡിസി റസ്റ്ററന്റിലേക്ക് പോകുന്ന വഴിയുടെ തുടക്കത്തില്‍ തന്നെയാണ് വണ്ടി നിര്‍ത്തിയത്.
തിരക്കേറിയ റോഡിനുസമീപമായതിനാല്‍ ആരും വണ്ടി അത്ര ശ്രദ്ധിച്ചിരുന്നില്ല. ഏറെ നേരമായി നിർത്തിയിട്ടിരുന്ന വണ്ടി ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
Content Highlight: Death of two people in caravan; Police have launched an investigation