'അവിടെ ആദരം, ഇവിടെ നശിപ്പിക്കൽ, മലയാളത്തിൽ എന്തോ പറയുമല്ലോ'; പരിഹാസവുമായി യൂഹാനോൻ മാർ മിലിത്തിയോസ്

"അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുൽക്കൂട്‌ വന്ദിക്കുന്നു. ഇവിടെ പുൽക്കൂട്‌ നശിപ്പിക്കുന്നു..."

dot image

തൃശൂർ: പാലക്കാട് സ്‌കൂളിൽ ക്രിസ്മസ് കരോൾ തടഞ്ഞ സംഭവത്തിലും, പുൽക്കൂട് തകർത്ത സംഭവത്തിലും പരിഹാസവുമായി ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. ഫേസ്ബുക്കിലൂടെയായിരുന്നു യൂഹാനോൻ മാർ മിലിത്തിയോസിന്റെ പരിഹാസം.

"അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുൽക്കൂട്‌ വന്ദിക്കുന്നു. ഇവിടെ പുൽക്കൂട്‌ നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക്‌‌ മലയാളത്തിൽ എന്തോ പറയുമല്ലോ..!" എന്നായിരുന്നു മാർ മിലിത്തിയോസിന്റെ പരിഹാസം.

ഇതിന് പിന്നാലെ റിപ്പോർട്ടറിനോട് നടത്തിയ പ്രതികരണത്തിലും വലിയ വിമർശനമാണ് യൂഹാനോൻ മാർ മിലിത്തിയോസ്‌ ഉന്നയിച്ചത്. പ്രധാനമന്ത്രി ബിജെപിയുടെ പ്രതിനിധിയാണ്. ഇതേ ബിജെപിയുടെ പോഷക സംഘടനയാണ് പാലക്കാട് പുൽക്കൂടുകൾ നശിപ്പിച്ചത്. ഇവർ തന്നെയാണ് ക്രൈസ്തവ, മുസ്ലിം പള്ളികൾ പൊളിക്കാൻ ശ്രമിക്കുന്നത്. പ്രധാനമന്ത്രി ക്രിസ്ത്യാനികളെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നു. അതേസമയം ഉപഘടകങ്ങൾ ക്രിസ്ത്യാനികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. മറ്റൊരു ശൈലിയിലേ കേരളത്തിൽ കാര്യങ്ങൾ നടത്താനാകു എന്ന് അവർക്കറിയാം. അത് സവർക്കറുടെ പദ്ധതിയാണ്. ഒന്നുകിൽ രാജ്യം വിട്ടുപോകുക അല്ലെങ്കിൽ സവർണ്ണ ഹിന്ദുക്കൾക്ക് അടിമയായി ജീവിക്കുക എന്നതാണ് ഇവരുടെ നിലപാട് എന്നും സംഘപരിവാറിന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ നാടകീയ മാർഗമാണെന്നും യൂഹാനോൻ മാർ മിലിത്തിയോസ് വിമർശിച്ചു.

പാലക്കാട് തത്തമംഗലം ജിബിയുപി സ്‌കൂളിലെ പുൽക്കൂട് കഴിഞ്ഞ ദിവസം രാത്രി തകർത്തിരുന്നു. വെള്ളിയാഴ്ച്ചയാണ് ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ പുൽക്കൂട് സ്ഥാപിച്ചത്. രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷം സ്‌കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് അജ്ഞാതർ തകർത്തതായി കണ്ടെത്തിയത്. സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

നല്ലേപ്പിള്ളി സർക്കാ‍ർ യുപി സ്കൂളിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും സ്കൂളിൽ കരോൾ ആഘോഷം സംഘടിപ്പിച്ചതിന്റെ പേരിൽ വിശ്വഹിന്ദു പരിഷത്ത് പ്രവ‍ർത്തകർ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ മൂന്ന് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് റിമാൻഡ് ചെയ്തു. വിഎച്ച്പി ജില്ലാ സെക്രട്ടറി കെ അനിൽകുമാർ, ജില്ലാ സംയോജക് വി സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധൻ എന്നിവരെയാണ് സംഭവത്തിൽ റിമാൻഡ് ചെയ്തത്.

Content Highlights: Yuhanon Meletius FB Post on BJP's double standard

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us