പാലക്കാട്: ചിറ്റൂരിലെ രണ്ട് സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായി നടന്ന ആക്രമണങ്ങളിൽ റിപ്പോർട്ട് തേടി ന്യൂനപക്ഷ കമ്മീഷൻ. പാലക്കാട്, നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ നടന്ന അക്രമ സംഭവങ്ങളിലും തത്തമംഗലം ചെന്താമര നഗർ ജി ബി യു പി സ്‌കൂളിൽ വിദ്യാർഥികൾ ഒരുക്കിയ പുൽക്കൂട് നശിപ്പിക്കപ്പെട്ട സംഭവത്തിലുമാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. പിന്നാലെ ജില്ലാ പൊലീസ് മേധാവിക്ക് നോട്ടീസയച്ച കമ്മീഷൻ സംഭവത്തിൽ 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു
കഴിഞ്ഞ ദിവസം സ്കൂളിൽ കരോൾ ആഘോഷം സംഘടിപ്പിച്ചതിൻ്റെ പേരിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ പാലക്കാട് നല്ലേപ്പിള്ളി സർക്കാർ യുപി സ്കൂളിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിഎച്ച്പി പ്രവർത്തകർ അധ്യാപകരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ മൂന്ന് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് റിമാൻഡ് ചെയ്തു. വിഎച്ച്പി ജില്ലാ സെക്രട്ടറി കെ. അനിൽകുമാർ, ജില്ലാ സംയോജക് വി സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധൻ എന്നിവരെയാണ് സംഭവത്തിൽ റിമാൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായും പരാതി ഉയർന്നിരുന്നു. പാലക്കാട് തത്തമംഗലം ജിബിയുപി സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ച ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ പുൽക്കൂട് സ്ഥാപിച്ചിരുന്നു. രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷം തിങ്കളാഴ്ച സ്‌കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് അജ്ഞാതർ തകർത്തതായി കണ്ടെത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു.
content highlight- Attacks on Christmas celebrations in schools; Minorities Commission seeks report