എംടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിൻ്റെ അക്ഷര മുദ്ര; എംടിയ്ക്ക് ആദരമര്‍പ്പിച്ച് കെ സുധാകരന്‍

'താന്‍ മുന്‍പെഴുതിയതിനെക്കാള്‍ മെച്ചപ്പെട്ട ഒന്ന് എഴുതാന്‍ കഴിഞ്ഞില്ലെങ്കില്‍ എഴുതാതിരിക്കുക എന്ന നിഷ്ഠ എംടിയുടെ സൃഷ്ടികള്‍ ഓരോന്നിനെയും മികവുറ്റതാക്കി'

dot image

കോഴിക്കോട്: മലയാളികളുടെ പ്രിയ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. എംടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്രയായിരുന്നു. ആധുനിക മലയാള സാഹിത്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ എംടി കേരളത്തിന്റെ സുകൃതമായിരുന്നുവെന്ന് കെ സുധാകരന്‍ പറഞ്ഞു.

ഭാരതപ്പുഴയുടെ തീരത്തെ കൂടല്ലൂര്‍ എന്ന വള്ളുവനാടന്‍ ഗ്രാമത്തിന്റെ സവിശേഷമായ ഭംഗിയും ഭാഷാരീതിയും മലയാള കഥാരംഗത്ത് എം ടിയിലൂടെ ആധിപത്യം നേടി. ജീവിതഗന്ധിയായ കഥാപാത്രങ്ങളിലൂടെ കാവ്യാത്മകവും ഭാവഭദ്രവുമായ രീതിയില്‍ കഥകള്‍ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ വൈഭവം ആസ്വാദക തലങ്ങളെ വല്ലാതെ സ്പര്‍ശിച്ചിരുന്നു. അതുകൊണ്ടാണ് തലമുറകളുടെ ഭേദമില്ലാതെ എംടിയുടെ രചനകളെ വായനക്കാര്‍ ഏറ്റെടുത്തത്.

വൈകാരിക സംഘര്‍ഷമനുഭവിക്കുന്ന മനുഷ്യരുടെ മാനസിക ചലനങ്ങള്‍ വായനക്കാരില്‍ ആഴത്തിലുള്ള സംവേദനം സാധ്യമാക്കുന്ന അഖ്യാന സൃഷ്ടികളായിരുന്നു എംടിയുടേത്. എഴുത്തിനോട് എക്കാലവും നീതി പുലര്‍ത്തിയ സാഹിത്യകാരനാണ്. താന്‍ മുന്‍പെഴുതിയതിനെക്കാള്‍ മെച്ചപ്പെട്ട ഒന്ന് എഴുതാന്‍ കഴിഞ്ഞില്ലെങ്കില്‍ എഴുതാതിരിക്കുക എന്ന നിഷ്ഠ എംടിയുടെ സൃഷ്ടികള്‍ ഓരോന്നിനെയും മികവുറ്റതാക്കി. മലയാളത്തിന്റെ നന്മ ലോകത്തോട് വിളിച്ച് പറഞ്ഞ സാഹിത്യകാരന്‍ എംടിയുടെ വേര്‍പാട് സാഹിത്യ ലോകത്തിന് കനത്ത നഷ്ടമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

സാംസ്കാരിക മന്ത്രി സജി ചെറിയാൻ എംടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. സാംസ്‌കാരിക മണ്ഡലത്തില്‍ വെളിച്ചം പകര്‍ന്നു കത്തിക്കൊണ്ടിരുന്ന വിളക്കാണ് അണഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഈ നഷ്ടം വാക്കുകള്‍ക്ക് വിവരണാതീതമാണ്. എംടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വികാരമാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെക്കാലമായി മലയാളിയുടെ സൗന്ദര്യബോധത്തെയും ഭാവുകത്വത്തെയും ജീവിതാനുഭവങ്ങളെയും നവീകരിച്ച സാഹിത്യകാരനാണ് അദ്ദേഹം. എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല, നമ്മുടെ സാംസ്‌കാരിക മേഖലയുടെയാകെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു അദ്ദേഹം. കേരളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ ശക്തിയാര്‍ജ്ജിക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങള്‍ക്കെതിരെയുള്ള ശക്തമായി നിലയുറപ്പിച്ച പോരാളി കൂടെയായിരുന്നു അദ്ദേഹമെന്ന് മന്ത്രി സ്മരിച്ചു.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു എംടി വാസുദേവന്‍ നായര്‍. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

Content Highlights: k sudakaran pays tribute to mt vasudevan nair

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us