കോഴിക്കോട്: മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് സാഹിത്യകാരി കെ ആര്‍ മീര. എംടി ഇല്ലാതായെന്ന് വിശ്വസിക്കാനാവുന്നില്ല. അക്കാലത്തെ സാഹിത്യകാരില്‍ ഏറ്റവുമധികം പ്രോഗ്രസീവായി ചിന്തിച്ച, പ്രവര്‍ത്തിച്ച വ്യക്തിയാണ് എംടി. കാലാനുസൃതമായി തൻ്റെ ചിന്തകളും സ്വന്തം കാഴ്ചപ്പാടുകളും നിലപാടുകളും തിരുത്തിയ ഒരു എഴുത്തുകാരനില്ല. എഴുത്തുകാര്‍ക്ക് മരണമില്ലെന്നും എംടി വായനക്കാരന് എന്നും പ്രചോദനമായിരുന്നുവെന്നുംകെ ആര്‍ മീര റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'എനിക്ക് തോന്നുന്നത് അക്കാലത്തെ എഴുത്തുകാരില്‍ ഏറ്റവുമധികം പ്രോഗ്രസീവായി ചിന്തിച്ച പുരോഗമനാശയങ്ങള്‍ ഉള്‍ക്കൊണ്ട് എഴുതിയ, കാലാനുസൃതമായി തന്റെ ചിന്തകളും സ്വന്തം കാഴ്ചപ്പാടുകളും നിലപാടുകളും തിരുത്തിയ മറ്റൊരു എഴുത്തുകാരനില്ല. സ്ത്രീകളുടേയും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെയും സംബന്ധിച്ച വിഷയങ്ങളില്‍ അദ്ദേഹമെടുത്തത് വ്യത്യസ്തമായ, ആധുനികമായ കാഴ്ചപ്പടാണ്. അദ്ദേഹം ഏറ്റവും അപ് ടു ഡേറ്റ് ആയത്‌കൊണ്ട് സംഭവിച്ചതാണ് അതെന്നാണ് കരുതുന്നത്. സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ സ്വാധീനിക്കുന്ന വിധത്തില്‍ നവീന ആശയങ്ങള്‍ ഉള്‍പ്പെടുത്തി അത് വായനക്കാരിലേക്ക് എത്തിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടണ്ട്.
എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തിയാണ് അദ്ദേഹം. ബഹമുഖ പ്രതിഭ എന്നത് ക്ലീഷേ പ്രയോഗമായിരിക്കാം എന്നാല്‍ പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹം അത് തെളിയിച്ചു. എംടി പോകുമെന്ന് വിശ്വസിക്കാനാവുന്നില്ല. ഒരു എഴുത്തുകാരും മരിക്കുന്നില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വായനയുടെ തുടക്കം മുതല്‍ ഇന്നുവരെ നമ്മളെ തിരുത്തിയെഴുതാന്‍ പ്രചോദനം നല്‍കിയ വ്യക്തികളില്‍ മുന്‍പന്തിയില്‍ ഒരാള്‍ അദ്ദേഹമാണ്. കാര്‍ക്കശ്യക്കാരനെന്ന് പറയുമ്പോഴും ഇത്രയും സുഹൃത്തുക്കള്‍ സുരക്ഷാ കവചം തീര്‍ത്ത മറ്റൊരു വ്യക്തിയുമുണ്ടാകില്ല. പുതിയ എഴുത്തുകാരുടെ കഥകള്‍ വരെ വളരെ ആഴത്തില്‍ മനസിലാക്കാനും വായിക്കാനും ശ്രമിക്കുന്ന വ്യക്തിയാണ് എംടി. ആരാച്ചാറെ കുറിച്ച് വളരെ ഗാഢമായി സംസാരിച്ചപ്പോള്‍ അഭിമാനം തോന്നി,' കെ ആര്‍ മീര പറഞ്ഞു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു എംടി വാസുദേവന്‍ നായര്‍. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
Content Highlight; KR Meera reacts to MT Vasudevan Nair's demise