കോഴിക്കോട്; എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കെ കെ രമ എംഎല്‍എ. ജന്മി നാടുവാഴിത്തത്തില്‍ നിന്ന് ആധുനികതയിലേക്ക് പരിണമിക്കുന്ന മലയാളിയുടെ മന:സംഘര്‍ഷങ്ങളായിരുന്നു എംടിയുടെ കഥാഭൂമിക.സാഹിത്യത്തില്‍ തനിക്കു ശേഷമുള്ള തലമുറയെ ശക്തമായി വാര്‍ത്തെടുത്ത മികച്ച ഒരു പത്രാധിപര്‍ കൂടിയായിരുന്നു എംടിയെന്നും കെ കെ രമ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പരാമര്‍ശം.
'വാക്കുകളുടെ പെരുന്തച്ചന്, തൊട്ടതെല്ലാം പൊന്നാക്കിയ കഥാകാരന്‍ ശ്രീ എംടി വാസുദേവന്‍ നായര്‍ക്ക് വിട..
ജന്മി നാടുവാഴിത്തത്തില്‍ നിന്ന് ആധുനികതയിലേക്ക് പരിണമിക്കുന്ന മലയാളിയുടെ മന:സംഘര്‍ഷങ്ങളായിരുന്നു എംടിയുടെ കഥാഭൂമിക. കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നി നിലകളില്‍ മാത്രമല്ല, സാഹിത്യത്തില്‍ തനിക്കു ശേഷമുള്ള തലമുറയെ ശക്തമായി വാര്‍ത്തെടുത്ത മികച്ച ഒരു പത്രാധിപര്‍ കൂടിയായിരുന്നു എംടി. മലയാളത്തെ ഒരിക്കല്‍ കൂടി ജ്ഞാനപീഠത്തിന്റെ മധുരം ചാര്‍ത്തിയ ആ അക്ഷരലോകം ഇനിയും ജീവിക്കും. ആ മഹാജീവിതത്തിന് വേദനയോടെ യാത്രാമൊഴി..,' കെകെ രമ കുറിച്ചു.
എംടിയ്ക്ക് ആദരമര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു എംടി വാസുദേവന്‍ നായര്‍. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
Content Highlight: KK Rema pays tribute to MT Vasudevan Nair