മലയാളത്തിന്‍റെ മഹാസുകൃതം; എംടിയുടെ സംസ്കാരം ഇന്ന് വൈകിട്ട്, പൊതുദർശനമില്ല

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം ടി വാസുദേവൻ നായർ (91) രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്

dot image

കോഴിക്കോട്: മലയാളത്തിൻറെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ മൃതദേഹം ഇന്ന് അഞ്ച് മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കും. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം ടി വാസുദേവൻ നായർ (91) ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്.

കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകൻ, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തൻ്റെ കൈയൊപ്പ് ആഴത്തിൽ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച പാതിരാവും പകൽ‌വെളിച്ചവും ആണ് ആദ്യ നോവൽ. പുസ്തകരൂപത്തിൽ പുറത്തിറങ്ങിയ ആദ്യ നോവൽ നാലുകെട്ടാണ് (1958). അന്ന് 25 വയസ്സായിരുന്നു എം ടിയുടെ പ്രായം. 1959ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നാലുകെട്ടിനായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കാലം (1969), വയലാർ അവാർഡ് നേടിയ രണ്ടാമൂഴം (1984) , എൻ.പി.മുഹമ്മദും ചേർന്ന് എഴുതിയ അറബിപ്പൊന്ന് (1960), അസുരവിത്ത് (1962), മഞ്ഞ് (1964), വിലാപയാത്ര (1978), വാരാണസി (2002) എന്നിവയാണ് പ്രധാന നോവലുകൾ. ഓടക്കുഴൽ അവാർഡ് നേടിയ വാനപ്രസ്ഥം, രക്തം പുരണ്ട മൺത്തരികൾ, വെയിലും നിലാവും , വേദനയുടെ പൂക്കൾ, നിന്റെ ഓർമയ്ക്ക്, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നഷ്ടപ്പെട്ട ദിനങ്ങൾ, ബന്ധനം, പതനം, കളിവീട്, ഡാർ എസ് സലാം, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, അഭയം തേടി വീണ്ടും, സ്വർഗം തുറക്കുന്ന സമയം, ഷർലക്, തുടങ്ങി വായനക്കാർ നെഞ്ചോടു ചേർത്ത നിരവധി കഥകളും എം ടിയുടെ തൂലികയിൽ പിറന്നു.

തകഴിയെക്കുറിച്ചും, മോഹിനിയാട്ടത്തെപ്പറ്റിയും എം ടി ഡോക്യൂമെൻററികളുമൊരുക്കിയിട്ടുണ്ട്. ഗോപുരനടയിൽ എന്ന പേരിൽ നാടകവും രചിച്ചു. ആൾക്കൂട്ടത്തിൽ തനിയെ,മനുഷ്യർ നിഴലുകൾ, വൻകടലിലെ തുഴവള്ളക്കാർ എന്നീ യാത്രാവിവരണങ്ങളെഴുതി എൻ പി മുഹമ്മദുമായി ചേർന്ന് 10 വിശ്വോത്തര കഥകൾ വിവർത്തനം ചെയ്തു. മാണിക്യക്കല്ല്, ദയ എന്ന പെൺകുട്ടി, തന്ത്രക്കാരി എന്നീ ബാലസാഹിത്യ കൃതികളും എം ടിയുടേതായി പുറത്തുവന്നു. കാഥികൻറെ പണിപ്പുര, ഹെമിങ്‌വേ-ഒരു മുഖവുര, കാഥികൻറെ കല എന്നീ സാഹിത്യപഠനങ്ങൾ കിളിവാതിലിലൂടെ, ഏകാകികളുടെ ശബ്‌ദം, രമണീയം ഒരു കാലം, സ്നേഹാദരങ്ങളോടെ, ഓർമക്കുറിപ്പുകൾ: അമ്മയ്ക്ക്, മുത്തശ്ശിമാരുടെ രാത്രി തുടങ്ങിയ ലേഖനങ്ങളും എം ടി രചിച്ചിട്ടുണ്ട്. ചിത്രത്തെരുവുകൾ എന്ന പേരിൽ ചലച്ചിത്രസ്മരണകൾ പുസ്തകമായി. വാക്കുകളുടെ വിസ്‌മയം എന്ന തലക്കെട്ടിൽ പ്രസംഗങ്ങളുടെ സമാഹാരവും എം ടിയുടെ പേരിൽ പുറത്ത് വന്നിരുന്നു.

സാഹിത്യജീവിതത്തിൻറെ തുടർച്ച തന്നെയായിരുന്നു എംടിയ്ക്ക് സിനിമാജീവിതവും. 1965 ൽ സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടിയുടെ സിനിമാ പ്രവേശം. ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഓപ്പോൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, വൈശാലി, പെരുന്തച്ചൻ, ഒരു വടക്കൻ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്, പഴശ്ശിരാജ,​ താഴ്‌വാരം, അക്ഷരങ്ങൾ,ആൾക്കൂട്ടത്തിൽ തനിയെ തുടങ്ങി അറുപതോളം ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. നിർമ്മാല്യം (1973), ബന്ധനം (1978), മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.1974 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ - സംസ്ഥാന പുരസ്‌ക്കാരങ്ങളും രാഷ്‌ട്രപതിയുടെ സ്വർണമെഡലും നിർമ്മാല്യത്തെ തേടിയെത്തി. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുള്ള അദ്ദേഹത്തെ തേടി മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നാല് തവണ എത്തി. ഒരു വടക്കൻ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994) എന്നീ സിനിമകൾക്കായിരുന്നു പുരസ്‌കാരം ലഭിച്ചത്.

1933 ജൂലൈ 15ന് ടി നാരായണൻ നായരുടെയും തെക്കേപ്പാട്ട് അമ്മാളു അമ്മയുടെയും മകനായാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം ടി വാസുദേവൻ നായർ ജനിച്ചത്. കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മലമക്കാവ് എലിമെൻ്ററി സ്‌ക്കൂളിലും കുമരനെല്ലൂർ ഹൈസ്‌ക്കൂളിലുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽ രസതന്ത്രം ഐച്ഛിക വിഷയമായെടുത്ത് ബിരുദപഠനം പൂർത്തിയാക്കി. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സ്‌കൂൾ അധ്യാപകനായി.

സ്‌കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ സാഹിത്യരചന തുടങ്ങിയ എംടിയുടെ കഥകൾ കോളേജ് കാലത്ത് ജയകേരളം മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. കോളേജ് പഠനകാലത്താണ് 'രക്തം പുരണ്ട മൺതരികൾ' എന്ന ആദ്യകഥാസമാഹാരം പുറത്തിറങ്ങിയതും.

1954ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി മലയാളത്തിൽ മാതൃഭൂമി നടത്തിയ മത്സരത്തിൽ ഒന്നാം സമ്മാനം എം ടിക്കായിരുന്നു. 'വളർത്തുമൃഗങ്ങൾ' എന്ന ആ ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്നതോടെയാണ് എം ടിയുടെ സാഹിത്യജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. അങ്ങനെ എം ടി വാസുദേവൻ നായർ എന്ന പേര് മലയാളത്തിലെ വായനാസമൂഹത്തിലേക്കെത്തി.

'പാതിരാവും പകൽവെളിച്ചവും' എന്ന ആദ്യനോവൽ ഇതേ സമയത്ത് ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ 'നാലുകെട്ട്'ആണ് (1958). ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. പിന്നീട് 'സ്വർഗം തുറക്കുന്ന സമയം', 'ഗോപുരനടയിൽ' എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 'കാലം'- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും (1970), 'രണ്ടാമൂഴം'- വയലാർ അവാർഡും (1985), 'വാനപ്രസ്ഥം'- ഓടക്കുഴൽ അവാർഡും നേടിയിട്ടുണ്ട്. 1995ൽ ജ്ഞാനപീഠ പുരസ്‌കാരം എംടിക്ക് ലഭിച്ചു. 2005ൽ പത്മഭൂഷൺ നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചു. 1996-ൽ കാലിക്കറ്റ് സർവ്വകലാശാല അദ്ദേഹത്തിന് ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചു.

അധ്യാപക ജീവിതത്തിൽ നിന്ന് മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ സ്ഥാനത്തേക്ക് അദ്ദേഹം എത്തി. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തു നിന്നു വിരമിച്ച ശേഷം തുഞ്ചൻ സ്മാരക സമിതിയുടെ അധ്യക്ഷനായിരുന്നു. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ എംടിക്ക് സ്വന്തമാണ്.

രണ്ട് തവണ വിവാഹിതനായ എംടിയുടെ ആദ്യഭാര്യ എഴുത്തുകാരിയും വിവർത്തകയുമായ പ്രമീളയാണ്. പിന്നീടാണ് പ്രശസ്ത നർത്തകിയായ കലാമണ്ഡലം സരസ്വതിയെ വിവാഹം ചെയ്തത്. കോഴിക്കോട് നടക്കാവിൽ രാരിച്ചൻ റോഡിലുള്ള വീട് 'സിതാര'യിലായിരുന്നു ഏറെക്കാലമായി എംടിയുടെ താമസം.

Content Highlights: mt vasudevan nair passed away

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us