ആലപ്പുഴ: ആറാട്ടുപുഴയില്‍ വയോധികയെ തെരുവ് നായ കടിച്ചുകൊന്ന സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍. മരിച്ച കാര്‍ത്യായനി അമ്മ വീടിന് പുറത്തായിരുന്നു കിടന്നിരുന്നതെന്നും വീടിന് പുറത്തെ കട്ടിലില്‍ കിടത്തിയ ശേഷം വീടും ഗേറ്റും പൂട്ടി വീട്ടുകാര്‍ പുറത്തേക്ക് പോവുകയായിരുന്നുവെന്നുമാണ് വിവരം.
അതേസമയം അമ്മയെ മന:പൂര്‍വ്വം വീട്ടുമുറ്റത്ത് കിടത്തിയതല്ലെന്നും പടികള്‍ കയറാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് ഇവിടെ കിടക്കുന്നതെന്നും മകന്‍ പ്രതികരിച്ചു. അപകടസമയത്ത് കാര്‍ത്യായനി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഇന്നലെയായിരുന്നു കാര്‍ത്യായനി അമ്മയെ തെരുവ് നായ ആക്രമിച്ചത്.
കാര്‍ത്യായനി അമ്മയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. വണ്ടാനം മെഡിക്കല്‍ കോളേജില്‍ രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടക്കുക. തകഴി സ്വദേശിയായ കാര്‍ത്യായനിയെ മകന്‍ പ്രകാശിന്റെ ആറാട്ടുപുഴയിലെ വീട്ടില്‍ വെച്ചു ഇന്നലെയാണ് തെരുവുനായ ആക്രമിച്ചത്. വീട്ടുമുറ്റത്തിരുന്ന കാര്‍ത്യായനിയെ നായ ആക്രമിക്കുകയും മുഖം പൂര്‍ണ്ണമായും കടിച്ചെടുക്കുകയും ചെയ്തിരുന്നു.
കൊല്ലത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ ജീവനക്കാരനായ പ്രകാശന്‍ ജോലിക്കും ഭാര്യ ക്ഷേത്രത്തിലും പോയ സമയത്തായിരുന്നു ആക്രമണം. തെരുവുനായ ആക്രമിച്ച് അവശയായ വീട്ടുമുറ്റത്ത് കിടന്ന കാര്‍ത്യായനി അമ്മയെ വൈകിട്ടോടെയാണ് വീട്ടുകാരും നാട്ടുകാരും കാണുന്നത്. വേഗം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Content Highlight: stray dog attack Karthyayani was lying outside the house