കൊച്ചി: എം ടിയുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി. സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായിരുന്നു എംടിയെന്നും അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ തന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു താനെന്നു തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. മനസ് ശൂന്യമാവുന്ന പോലെ തോന്നുന്നുവെന്നും മമ്മൂട്ടി കുറിച്ചു.
മമ്മൂട്ടിയുടെ കുറിപ്പ്
ചിലരെങ്കിലും പറയാറുണ്ട് എംടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു.
സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.
നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.
ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്
സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ലിപ്പോൾ.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.
Content Highlights: mammootty condoled the demise of MT Vasudevan Nair