എം ടി എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു, ദയ!; മഞ്ജു വാര്യർ

'ആധുനിക മലയാളത്തെ വിരല്‍ പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു'

dot image

മലയാളത്തിലെ ഇതിഹാസ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടി മഞ്ജു വാര്യർ. ആധുനിക മലയാളത്തെ വിരല്‍ പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിനെന്ന് മഞ്ജു വാര്യർ കുറിച്ചു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും നന്ദിയെന്നും മഞ്ജു വാര്യർ കുറിച്ചു.

മഞ്ജു വാര്യരുടെ പോസ്റ്റിന്റെ പൂർണരൂപം :

എം.ടി. സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സില്‍ വന്നില്ല. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നു തന്നെ വിശ്വസിക്കുന്നു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍, ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും.

Content Highlights: Manju Warrier pays condolences to MT vasudevan Nair

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us