കോഴിക്കോട്: മലയാളത്തിൻ്റെ മഹാനായ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരെ അനുസ്മരിച്ച് സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍. എഴുത്തിൻ്റെയും പത്രപ്രവര്‍ത്തന മേഖലയിലും തന്റെ ഗുരുസ്ഥാനീയനാണ് എം ടി വാസുദേവന്‍ നായരെന്ന് സുഭാഷ് ചന്ദ്രന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അദ്ദേഹത്തില്‍ നിന്ന് മാറി നിന്ന് നോക്കിക്കണ്ട് പഠിക്കാന്‍ നമുക്കൊരുപാടുണ്ടായിരുന്നുവെന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. ഒരെഴുത്തുകാരൻ്റെ നിലയും വിലയും എന്തായിരിക്കണമെന്ന് സമൂഹത്തിന് മാതൃക കാണിച്ചയാളാണ് എം ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എഴുത്തിൻ്റെയും പത്രപ്രവര്‍ത്തന മേഖലയിലും എൻ്റെ ഗുരുസ്ഥാനീയനാണ് അദ്ദേഹം. പക്ഷേ ഒന്നും നേരിട്ട് പഠിപ്പിക്കുന്ന ശൈലി അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരെഴുത്തുകാരന്റെ നിലയും വിലയും എന്തായിരിക്കണമെന്ന് സമൂഹത്തിന് മാതൃക കാണിച്ചയാളാണ് അദ്ദേഹം. അതായിരിക്കണം അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയെന്ന് ഞാന്‍ കരുതുന്നു. നമ്മുടേത് പോലെ എല്ലാം കുഴഞ്ഞു മറിഞ്ഞ സമൂഹത്തില്‍ എല്ലാത്തരം പ്രലോഭനങ്ങള്‍ക്കും അടിപ്പെട്ട് പോകുന്ന ഒരു മലയാളിത്തത്തിനിടയില്‍ നിന്ന് കൊണ്ട് നിലയ്ക്ക് നിന്നാല്‍ മലയ്ക്ക് സമമാണെന്ന് സമകാലികര്‍ക്കും വരാനിരിക്കുന്നവര്‍ക്കും മാതൃക കാണിച്ച എഴുത്തുകാരനാണദ്ദേഹം', സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
പത്രാധിപരെന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ സംഭാവന എല്ലാവര്‍ക്കുമറിയാമെന്നും സുഭാഷ് ചന്ദ്രന്‍ ഓര്‍മിച്ചു. എഴുത്തില്‍ മലയാളിയുടെ വൈകാരിക ചരിത്രം ഏറ്റവും ഭംഗിയായി രൂപപ്പെടുത്തി എഴുതിവെച്ച ഒരാളാണ് അദ്ദേഹമെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. 'ഒരു പക്ഷേ ഭാവിയിലെ മലയാളികള്‍ക്ക് നമ്മളിപ്പോള്‍ കടന്നുപോകുന്ന കാലത്തിന്റെ വൈകാരിക ചരിത്രം വായിക്കണമെങ്കില്‍ എംടിയുടെ കൃതികളിലൂടെ വീണ്ടും പുനഃസന്ദര്‍ശനം നടത്തേണ്ടി വരുമെന്നാണ് ഞാന്‍ കരുതുന്നത്. ആ നിലയ്ക്ക് മലയാളത്തിന്റെ ഹൃദയമായിരുന്നു അദ്ദേഹം. ആ ഹൃദയാലുത്വം മലയാളിയുടെ മുഴുവന്‍ ഹൃദയമായി മിടിച്ച ഒരു യുഗമാണ് ഇപ്പോള്‍ കടന്നു പോകുന്നത്', സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
ഒട്ടനവധി കഥകളെഴുതിയ ആളല്ല എംടിയെന്നും അദ്ദേഹം പറയുന്നു. എംടിയുടെ കൃതികളുടെ എണ്ണം കൂടുതലും സിനിമയില്‍ തന്നെയാണെന്നും എഴുപതോളം തിരക്കഥകള്‍ അദ്ദേഹം രചിച്ചിട്ടുണ്ടെന്നും സുഭാഷ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അതിൻ്റെ തിരക്കുകള്‍ക്കിടയില്‍ നിന്നാണ് അദ്ദേഹം തന്റെ കഥകളും നോവലുകളുമെഴുതിയത്. പത്തില്‍ താഴെയാണ് അദ്ദേഹത്തിന്റെ നോവലുകളുടെ എണ്ണം. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ചെറുകഥകളൊന്നും എഴുതിയിട്ടില്ല. എഴുതാനുള്ളപ്പോള്‍ മാത്രം എഴുതുകയെന്നതാണ് അദ്ദേഹത്തിന്റെ രീതി. അതാണ് അദ്ദേഹത്തിന്റെ കഥകളെ അമൂല്യമാക്കുന്ന ഘടകമെന്നും സുഭാഷ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Subash Chandran condolences M T Vasudevan Nair