തിരുവനന്തപുരം: കേക്ക് വിവാദത്തിൽ മുന്‍ മന്ത്രി വി എസ് സുനില്‍ കുമാറിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലോകസഭാ തിരഞ്ഞെടുപ്പിൽ ശ്രീ സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് ഇനിയും സുനിൽകുമാറിന് മാറിയിട്ടില്ലെന്ന് കെ സുരേന്ദ്രൻ ഫെസ്ബുക്കിൽ കുറിച്ചു.
കെ സുരേന്ദ്രൻ ഫെസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ലോകസഭാ തിരഞ്ഞെടുപ്പിൽ ശ്രീ. സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് ഇനിയും എന്റെ സുഹൃത്ത് ശ്രീ വി എസ് സുനിൽകുമാറിന് തീർന്നിട്ടില്ല എന്നു തോന്നുന്നു പുതിയ പ്രതികരണം കാണുമ്പോൾ. ഈ ക്രിസ്തുമസ് കാലത്ത് ഒട്ടേറെ സമുദായ നേതാക്കളേയും ബിഷപ്പുമാരേയും ഞാന്‍ പോയി കാണുകയും കേക്കു നൽകുകയും ആശംസകൾ കൈമാറുകയും ചെയ്തിട്ടുണ്ട്. അതിലൊന്നും ആരും രാഷ്ട്രീയം കണ്ടിട്ടില്ല. കാണാനുമാവില്ല. ആളുകളെ കാണുകയും ചായകുടിക്കുകയും ചെയ്യുന്നത് തെറ്റാണെങ്കിൽ അദ്ദേഹവും ആ തെറ്റ് ചെയ്തിട്ടുണ്ടുതാനും. സുനിൽ കുമാറിന്റെ അന്തിക്കാട്ടെ വസതിയിൽ ഞാൻ പോയിട്ടുണ്ട്. അദ്ദേഹം എന്ന സ്നേഹത്തോടെ സ്വീകരിച്ചിട്ടുണ്ട്. നല്ല കടുപ്പമുള്ള ചായയും കടികളും തന്നിട്ടുമുണ്ട്. എന്റെ ഉള്ളിയേരിയിലെ വീട്ടിൽ അദ്ദേഹവും വന്നിട്ടുണ്ട്. നിലപാടുകൾ വേറെ സൗഹൃദങ്ങൾ വേറെ. കാര്യങ്ങൾ ഇങ്ങനെയൊക്കയാണെങ്കിലും സുനിൽ എന്നും എന്റെ ഒരു നല്ല സുഹൃത്തുതന്നെ….
കെ സുരേന്ദ്രന്‍ എം കെ വര്‍ഗീസിനെ സന്ദര്‍ശിച്ച് കേക്ക് കൈമാറിയിരുന്നു. ഇതിന് വിമർശനവുമായി വി എസ് സുനില്‍ കുമാർ രംഗത്തെത്തിയിരുന്നു. മേയര്‍ക്ക് ചോറ് ഇവിടെയും കൂര്‍ അവിടെയുമാണ്. വഴി തെറ്റി വന്നല്ല മേയര്‍ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേക്ക് നല്‍കിയതെന്നായിരുന്നു സുനില്‍ കുമാറിന്റെ വിമർശനം.
'തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറോടുള്ള സിപിഐ പ്രതിഷേധം നേരത്തെ വ്യക്തമാക്കിയതാണ്. ആ നിലപാടില്‍ മാറ്റമില്ല. എല്‍ഡിഎഫിന്റെ ചെലവില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനോട് യോജിക്കാന്‍ സാധിക്കില്ല. എല്‍ഡിഎഫിന്റെ മേയറായി നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്നും കേക്ക് വാങ്ങിയതിനെ അത്ര നിഷ്‌ക്കളങ്കമായി കാണാന്‍ സാധിക്കില്ല. മേയറായി തുടരുന്നതില്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാന്‍ ഇല്ല', സുനില്‍ കുമാര്‍ പറഞ്ഞിരുന്നു.
വിവാദത്തിൽ സുനില്‍ കുമാറിന് മറുപടിയുമായി തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസും രംഗത്തെത്തിയിരുന്നു. കേക്ക് വാങ്ങിയതിൽ രാഷ്ട്രീയമില്ലെന്ന് എം കെ വര്‍ഗീസ് പറഞ്ഞു. കേക്ക് വാങ്ങിയത് തെറ്റായി തോന്നിയിട്ടില്ല. കേക്ക് ആര് കൊണ്ടുവന്നാലും വാങ്ങും. കേക്കുമായി വീട്ടിൽ എത്തിയാൽ കയറരുത് എന്ന് പറയാനാകില്ല. ആരോപണം പുതിയതല്ലെന്നും എം കെ വർഗീസ് കൂട്ടിച്ചേർത്തു.
Content Highlights: K Surendran replied to VS Sunil Kumar on the cake controversy