വധശിക്ഷ വേണമെന്ന് 15ാം പ്രതി, ​പട്ടാളക്കാരനാകാൻ ആഗ്രഹിച്ചുവെന്ന് ഏഴാം പ്രതി; വിധിക്കിടെ നാടകീയ വാദങ്ങള്‍

പ്രായം ചെന്ന മാതാപിതാക്കളും കുട്ടികളുമുണ്ടെന്ന് പ്രതികൾ കോടതിയിൽ വാദിച്ചു

dot image

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് വിചാരണയ്ക്കിടെ കോടതിയിൽ പ്രതികളുടെ നാടകീയ വാദങ്ങള്‍. കോൺ​ഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിധി പ്രസ്താവിക്കുന്നതിനിടെയാണ് പ്രതികൾ നാടകീയ വാദങ്ങൾ കോടതിയിൽ ഉന്നയിച്ചത്. കുടുംബ പ്രശ്നങ്ങൾ പറഞ്ഞ് ശിക്ഷയിൽ ഇളവ് തേടുകയാണ് പ്രതികൾ.

കുട്ടികളും പ്രായം ചെന്ന മാതാപിതാക്കളുമുണ്ടെന്ന് പ്രതികൾ കോടതിയിൽ വാദിച്ചു. പതിനെട്ടാം വയസ്സിൽ ജയിലിൽ കയറിയതെന്നാണ് ഏഴാം പ്രതി അശ്വിന്റെ വാദം. പട്ടാളക്കാരൻ ആകാൻ ആഗ്രഹിച്ചു. വീട്ടുകാരെ ആറ് വർഷമായിട്ടും കാണാനായിട്ടില്ലെന്നും ഡി​ഗ്രിക്ക് പഠിക്കണമെന്ന് ആ​ഗ്രഹമുണ്ടെന്നും പ്രതി കോടതിയിൽ വാദിച്ചു. അമ്മ രോഗാവസ്ഥയിലെന്ന് എട്ടാം പ്രതി കോടതിയെ അറിയിച്ചു. വധശിക്ഷ നൽകണമെന്ന് പതിനഞ്ചാം പ്രതി അറിയിച്ചു. കരഞ്ഞുകൊണ്ടായിരുന്നു അപേക്ഷ. തന്നെ ജീവിതം അവസാനിപ്പിക്കാൻ സഹായിക്കണമെന്നും പതിനഞ്ചാം പ്രതി കോടതിയോട് പറഞ്ഞു.

കേസിൽ 14 പേരെയാണ് കോടതി കുറ്റക്കാരായി പ്രഖ്യാപിച്ചത്. മുൻ എംഎൽഎ കെ വി കുഞ്ഞിരാമനും സിപിഐഎം നേതാക്കളുമടക്കം 24 പേരായിരുന്നു കേസിൽ പ്രതിപട്ടികയിലുണ്ടായത്. ഇതിൽ 10 പേരെ കോടതി കുറ്റവിമുക്തരാക്കി. 9,11, 12, 13, 16, 18, 17, 19, 23, 24 എന്നീ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. സിപിഐഎം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. സിബിഐ കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് നിലവിൽ പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ, സജി സി ജോർജ്, എം സുരേഷ്, അനിൽകുമാർ, ജിജിൻ, അശ്വിൻ, ശ്രീരാ​ഗ്, എ സുബിൻ എന്നിവർക്കെതിരെ തെളിഞ്ഞത്. ​ഗൂഢാലോചന, തെളിവുനശിപ്പിക്കൽ എന്നിവയാണ് മുരളി താനിത്തോട്, പ്രദീപ്, ആലക്കോട് മണികണ്ഠൻ, എൻ ബാലകൃഷ്ണൻ എന്നിവർക്കെതിരെ തെളിഞ്ഞത്.

ടിപി വധക്കേസിന് ശേഷം സമീപകാലത്ത് സിപിഐഎമ്മിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ കേസാണ് പെരിയ ഇരട്ടക്കൊലക്കേസ്. പെരിയ ഇരട്ടക്കൊലപാതകം തുടക്കത്തിൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. 270 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് കേസ് അന്വേഷിച്ചത്. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.

Content Highlight: Periya Double Murder Case: Accused says lame excuses in court, aslks for death penalty, says tired fighting

dot image
To advertise here,contact us
dot image