
തൃശൂർ: തൃശൂർ മേയർ എംകെ വർഗീസിൻ്റെ ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ലെന്ന് മുൻ മന്ത്രി വിഎസ് സുനിൽകുമാർ. ഇന്നലെ പറഞ്ഞത് അവിടെ കഴിഞ്ഞുവെന്നും വിവാദം അവിടം കൊണ്ട് അവസാനിപ്പിക്കുന്നുവെന്നും സുനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. താൻ സുരേന്ദ്രൻ്റെ വസതി സന്ദർശിച്ചത് സൗഹൃദപരമായിട്ടാണെന്നും സുരേന്ദ്രൻ തന്നെ അത് പോസ്റ്റിൽ പറഞ്ഞിട്ടുണ്ടെന്നും സുനിൽകുമാർ വ്യക്തമാക്കി.
മേയർ തുടരുന്നത് പാർട്ടിയുടെ തീരുമാനമാണ്. അത് തുടരട്ടെ. സുരേന്ദ്രനും താനും വീട് സന്ദർശിച്ചത് സൗഹൃദത്തിൻ്റെ പുറത്താണെന്നും വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലായെന്നും സുനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിയുടെ സ്‌നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എം കെ വര്‍ഗീസിനെ സന്ദര്‍ശിച്ച് കേക്ക് കൈമാറിയിരുന്നു. ഇതിനെ വിമർശിച്ച് വി എസ് സുനില്‍ കുമാർ കഴിഞ്ഞ ദിവസം രംഗത്തെത്തി. മേയര്‍ക്ക് ചോറ് ഇവിടെയും കൂര്‍ അവിടെയുമാണ്. വഴി തെറ്റി വന്നല്ല മേയര്‍ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേക്ക് നല്‍കിയതെന്നായിരുന്നു സുനില്‍ കുമാറിന്റെ വിമർശനം.
'തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറോടുള്ള സിപിഐ പ്രതിഷേധം നേരത്തെ വ്യക്തമാക്കിയതാണ്. ആ നിലപാടില്‍ മാറ്റമില്ല. എല്‍ഡിഎഫിന്റെ ചെലവില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനോട് യോജിക്കാന്‍ സാധിക്കില്ല. എല്‍ഡിഎഫിന്റെ മേയറായി നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്നും കേക്ക് വാങ്ങിയതിനെ അത്ര നിഷ്‌ക്കളങ്കമായി കാണാന്‍ സാധിക്കില്ല. മേയറായി തുടരുന്നതില്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാന്‍ ഇല്ല', എന്നായിരുന്നു സുനില്‍ കുമാറിന്‍റെ പ്രതികരണം.
അതേ സമയം, കെ സുരേന്ദ്രൻ വളരെ ആത്മാർത്ഥയോടെയാണ് ക്രിസ്മസ് സന്ദേശവുമായി എത്തിയതെന്ന് തനിക്ക് ബോധ്യപെട്ടുവെന്നും എന്നാൽ സുനിൽ കുമാർ എന്തിനാണ് സുരേന്ദ്രൻ്റെ വീട്ടിൽ പോയതെന്ന് വ്യക്തമാക്കണമെന്നും എം കെ വർഗീസ് പ്രതികരിച്ചിരുന്നു. രണ്ട് കാലിലും മന്തുള്ള ആളാണ് ഒരു കാലിൽ മന്തുള്ളയാളെ കളിയാക്കുന്നത്. ഉള്ള്യേരിയിലുള്ള സുരേന്ദ്രൻ്റെ വീട്ടിൽ സുനിൽകുമാർ പോയി. തിരികെ സുനിൽ കുമാറിൻ്റെ അന്തികാടുള്ള വീട്ടിൽ സുരേന്ദ്രനും പോയി. എന്നാൽ ഇത് എന്തിന് എന്ന് തനിക്ക് അറിയില്ല. സുനിൽ കുമാറിന് എല്ലാ തിരെഞ്ഞെടുപ്പിലും ജയിക്കുന്ന തന്നോട് കണ്ണുകടിയാണെന്നും എം കെ വർഗീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
content highlight- what was said yesterday is over there' ; VS Sunilkumar on the allegation against Thrissur Mayor