തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സീരിയല്‍ താരം ദിലീപ് ശങ്കറിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് അദ്ദേഹം അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ സംവിധായകന്‍ മനോജ്. കരള്‍ സംബന്ധമായ അസുഖത്തിന് അദ്ദേഹം ചികിത്സ തേടിയിരുന്നു. രോഗത്തെക്കുറിച്ച് അദ്ദേഹം കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞു.
ഫോണ്‍ വിളിച്ചാല്‍ എടുക്കാതിരിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. അദ്ദേഹത്തെ കാണാത്തതിനെ തുടര്‍ന്ന് പ്രൊഡക്ഷന്‍ മാനേജര്‍ ഫോണില്‍ വിളിച്ചിരുന്നു. തുടരെ വിളിച്ചിട്ടും അദ്ദേഹം ഫോണ്‍ എടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് പ്രൊഡക്ഷന്‍ ടീമിലുള്ളവര്‍ ഹോട്ടലില്‍ നേരിട്ടെത്തുകയായിരുന്നു. ഹോട്ടല്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ മരിച്ച നിലയില്‍ ദിലീപ് ശങ്കറിനെ കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരണത്തില്‍ ദുരൂഹതയുള്ളതായി തോന്നുന്നില്ലെന്നും മനോജ് പറഞ്ഞു.
ദിലീപ് ശങ്കർ എല്ലാ ദിവസവും റസ്റ്റോറന്റിൽ കഴിക്കാൻ വരുമായിരുന്നുവെന്ന് ഹോട്ടൽ ജീവനക്കാരനും പ്രതികരിച്ചു. രണ്ട് ദിവസമായി കണ്ടിരുന്നില്ല. സീരിയലുമായി ബന്ധപ്പെട്ട് പുറത്താണെന്നാണ് കരുതിയത്. സംശയം ഒന്നും തോന്നിയില്ല. ദുർഗന്ധം ഉണ്ടായതോടെയാണ് പരിശോധിച്ചതെന്നും ജീവനക്കാരൻ പറഞ്ഞു.
സീരിയല്‍ ഷൂട്ടിന്റെ ഭാഗമായി നാല് ദിവസം മുന്‍പാണ് ദിലീപ് ശങ്കര്‍ തിരുവനന്തപുരത്ത് എത്തിയത്. രണ്ട് ദിവസം ഷൂട്ടിംഗില്‍ പങ്കെടുത്തു. കഴിഞ്ഞ രണ്ട് ദിവസം ഷൂട്ടിംഗ് ഇല്ലാതിരുന്നതിനാല്‍ ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞു. ഇതിനിടെയാണ് സീരിയലിന്റെ പ്രൊഡക്ഷന്‍ വിഭാഗം അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടത്. ഫോണില്‍ കിട്ടാതെ വന്നതോടെ പ്രൊഡക്ഷന്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ നേരിട്ടെത്തി. ഹോട്ടല്‍ അധികൃതര്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചിരുന്നു. തുടര്‍ന്ന് മുറിയില്‍ നടത്തിയ പരിശോധനയിലാണ് തറയില്‍ മരിച്ചു കിടക്കുന്ന നിലയില്‍ ദിലീപ് ശങ്കറിനെ കാണുന്നത്. തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസിനെ വിവരം അറിയിച്ചു. അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Content Highlights- director manoj reaction on actor dileep sankar death