പാലക്കാട്: ഇരു വൃക്കകളും തകരാറിലായതോടെ ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ കരുണ തേടുകയാണ് പാലക്കാട് എടത്തറ കൂത്തുപറമ്പ് സ്വദേശിനി കല്യാണിയുടെ മകൻ ഷാജു. കഴിഞ്ഞ 7 വർഷമായി വൃക്ക സംബന്ധമായി ചികിത്സയിലായിരുന്ന ഷാജുവിൻ്റെ ജീവൻ നിലനിർത്തണമെങ്കിൽ, ഉടൻ വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ നൽകിയിട്ടുള്ള നിർദേശം. ഡയാലിസിസിനുള്ള തുക കണ്ടെത്താൻ പോലും കഴിയാതെ ബുദ്ധിമുട്ടുന്ന കല്യാണി , എങ്ങനെ മകൻ്റെ ശസ്ത്രക്രിയ നടത്തുമെന്നറിയാതെ തീ തിന്ന് കഴിയുകയാണ്..
ജനിച്ച ആറാം മാസത്തിൽ വൃക്കകളിൽ ഒന്ന് ആദ്യം പണിമുടക്കി. ഗുരുതരമായ മൂത്ര തടസ്സം അനുഭവപ്പെട്ടപ്പോൾ, ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കി. ഇനിയൊരിക്കലും വേദന സഹിക്കേണ്ടി വരില്ലെന്ന് കരുതി കഴിയുന്നതിനിടെയാണ് 7 വർഷങ്ങൾക്ക് മുമ്പ് +2 പഠനത്തിനിടെ ഷാജുവിൻ്റെ ജീവിതത്തിൽ വീണ്ടും ഇരുട്ട് നിറഞ്ഞത്. ആദ്യം ഒരു കാലിന് വളവ് അനുഭവപ്പെട്ടു, പിന്നാലെ ദശ വളർന്ന് കണ്ണിലെ കാഴ്ച മറഞ്ഞു. പരിശോധനയിൽ ഇരുവൃക്കകളുടെയും പ്രവർത്തനം തകരാറിലായതാണ് രോഗകാരണമായി കണ്ടെത്തിയത്. ഒരു വർഷം മുമ്പ് വരെ മരുന്നുകളിലൂടെ ജീവിച്ചു. ഇപ്പോൾ ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് നടത്തിയാണ് പിടിച്ചു നിൽകുന്നത്.
മറ്റ് അവയവങ്ങൾക്ക് കൂടി ക്ഷതമേൽക്കാൻ സാധ്യതയുള്ളതിനാൽ, എത്രയും പെട്ടെന്ന് 24കാരനായ ഷാജുവിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. അമ്മ കല്യാണി മകൻ വൃക്ക പകുത്ത് നൽകാൻ തയ്യാറാണ്. പക്ഷേ 15 ലക്ഷം രൂപ വേണം ശസ്ത്രക്രിയക്കും ചികിത്സയക്കുമായി. ഭർത്താവ് മരിച്ചതിന് ശേഷം കൂലിപണിയെടുത്ത് മക്കളെ വളർത്തിയ കല്യാണിക്ക് സഹായത്തിന് ആരും ഇല്ല. നാട്ടിലെ യുവാക്കളുടെ കൂട്ടായ്മ ഷാജുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ്. ചികിത്സയ്ക്കുള്ള ഭീമൻ തുക കണ്ടെത്താൻ ഉദാരമതികളായ മുഴുവൻ പേരും സഹായിക്കണമെന്നാണ് ഒരു നാട് തന്നെ ആവശ്യപ്പെടുന്നത്.
SHAJU CHIKILSA COMMITTEE
A/C number : 43595476301
IFSC CODE : SBIN0070183
SBI BANK PARLI
Content Highlight: Shaju whose two kidneys failed, seeks help