തിരുവനന്തപുരം: മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നാളെ കൂടിക്കാഴ്ച നടത്തും. രാവിലെ 12ന് സെക്രട്ടറിയേറ്റിലാണ് കൂടിക്കാഴ്ച്ച. പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി സ്പോൺസർമാരെ അറിയിക്കും. നൂറ് വീടുകൾ വാഗ്ദാനം ചെയ്ത കർണാടക സർക്കാരിൻ്റെ പ്രതിനിധിയും യോഗത്തിൽ പങ്കെടുക്കും. രാഹുൽ ഗാന്ധിയുടെ പ്രതിനിധിയും കൂടിക്കാഴ്ചയ്ക്ക് എത്തും.
നേരത്തെ പുനരധിവാസത്തിനായി ഏറ്റെടുത്ത ഭൂമി ടൗൺഷിപ്പ് നിർമ്മിക്കാൻ സർക്കാരിനെ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എസ്റ്റേറ്റ് ഉടമകളുടെ ഹർജി തള്ളികൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന വിധി. എസ്റ്റേറ്റ് ഭൂമികൾക്ക് നഷ്ടപരിഹാരം നൽകികൊണ്ട് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ലാൻഡ് അക്വിസിഷൻ നിയമപ്രകാരമായിരിക്കണം ഭൂമി ഏറ്റെടുക്കേണ്ടതെന്നും കോടതി വിധിച്ചിരുന്നു. ഹാരിസൺ മലയാളം ലിമിറ്റഡ്, എൽസ്റ്റണുമാണ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി വിധി വന്നതിന് പിന്നാലെ വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിൻ്റെ സ്‌പെഷ്യൽ ഓഫീസറായി മലപ്പുറം എൽ എ ഡെപ്യൂട്ടി കളക്ടർ ഡോ. ജെ ഒ അരുണിന് അധിക ചുമതല നൽകി സർക്കാർ ഉത്തരവായിരുന്നു. ദേശീയപാത, കരിപ്പൂർ വിമാനത്താവള വികസനം തുടങ്ങിയ പദ്ധതികളുടെ സ്ഥലം ഏറ്റെടുക്കൽ ചുമതല അദ്ദേഹം വഹിച്ചിരുന്നു.
ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് മോഡൽ ടൗൺഷിപ്പ് നിർമ്മിക്കുന്നതിന് അനുയോജ്യമെന്ന് കണ്ടെത്തിയ വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജ് നെടുമ്പാല എസ്റ്റേറ്റിലെ സ്ഥലവും കൽപ്പറ്റ വില്ലേജിലുളള എൽസ്റ്റോൺ എസ്റ്റേറ്റിലെ സ്ഥലവും ഏറ്റെടുക്കുന്നതിനും മോഡൽ ടൗൺഷിപ്പ് നിർമ്മിക്കുവാനും ഒക്ടോബർ 10 ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ഡോ. അരുണിൻ്റെ ചുമതല.
Content Highlights: Aid to Mundakai-Churalmala landslide disaster victims Chief Minister's meeting with sponsors tomorrow