കോട്ടയം: നീണ്ട ഇടവേളക്കു ശേഷം രമേശ് ചെന്നിത്തല എൻഎസ്എസ് ആസ്ഥാനത്ത് എത്തും. 148-ാമത് മന്നംജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനായാണ് 11 വർഷങ്ങൾക്ക് ശേഷം ചെന്നിത്തല പെരുന്നയിലെത്തുന്നത്. ഇന്ന് നടക്കുന്ന മന്നം ജയന്തിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 11 വർഷത്തെ അകൽച്ചയവസാനിപ്പിച്ചു കൊണ്ടാണ് ചെന്നിത്തല എൻഎസ്എസ് ആസ്ഥാനത്ത് എത്തുന്നത്. മന്നംജയന്തി ആഘോഷത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ കെ ഫ്രാൻസിസ് ജോർജ് എംപി, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ തുടങ്ങിയവർ സംസാരിക്കും.
മന്നം ജയന്തിയിലേക്ക് എൻഎസ്എസ് ക്ഷണിച്ചതിനു പിന്നാലെ രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.ശിവഗിരി തീർത്ഥാടന പദയാത്രയുമായി ബന്ധപ്പെട്ട സമ്മേളനത്തിലേയ്ക്കും എസ്എൻഡിപി രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെ സമസ്തയുടെ വേദികളിലേയ്ക്കും ചെന്നിത്തല ക്ഷണിക്കപ്പെട്ടു. ജാമിഅഃ നൂരിയ സമ്മേളനത്തിലെ ഒരു സെഷൻ്റെ ഉദ്ഘാടകനായാണ് രമേശ് ചെന്നിത്തലയെ നിശ്ചയിച്ചിരിക്കുന്നത്. ജനുവരി നാലിന് എം കെ മുനീർ അധ്യക്ഷനാകുന്ന സെഷൻ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജനുവരി 11ന് മഞ്ചേരി ജാമിഅ ഇസ്ലാമിയ്യയുടെ വാർഷിക സമ്മേളനത്തിലും മുഖ്യാതിഥിയായി രമേശ് ചെന്നിത്തല പങ്കെടുക്കും. സമ്മേളനത്തിൻ്റെ ഉദ്ഘാടകനും രമേശ് ചെന്നിത്തലയാണ്. എൻഎസ്എസ്, എസ്എൻഡിപി, സമസ്ത തുടങ്ങി സമുദായ സംഘടനകളുടെ പിന്തുണയോടെ രമേശ് ചെന്നിത്തല കോൺഗ്രസിന്റെ താക്കോൽ സ്ഥാനത്തേക്ക് എത്തുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
അതേസമയം മുന്നോക്ക വിഭാഗങ്ങൾക്ക് വേണ്ടി EWS കമ്മീഷനും ദേശീയ ധനകാര്യ EWS വികസന കോർപ്പറേഷനും രൂപീകരിക്കണമെന്ന് എൻഎസ്എസ് പ്രതിനിധി സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. സംവരണം സാമ്പത്തിക അടിസ്ഥാനത്തിൽ വേണമെന്ന എൻഎസ്എസിന്റെ നേരത്തെയുള്ള ആവശ്യത്തിനുമപ്പുറം മുന്നാക്ക വിഭാഗങ്ങൾക്ക്വേണ്ടി കേന്ദ്രം ദേശീയ EWS കമ്മീഷനും ദേശീയ ധനകാര്യ EWS വികസന കോർപ്പറേഷനും രൂപീകരിക്കണം എന്നാണ് എൻഎസ്എസിന്റെ ആവശ്യം.
പട്ടികജാതി പട്ടികവർഗ്ഗക്കാർക്കും മുസ്ലിം ക്രിസ്ത്യൻ ന്യൂനപക്ഷക്കാർക്കുമെല്ലാം സംവരണം നിലവിലുണ്ട് . സാമ്പത്തിക സംവരണ ഭരണഘടനാ ഭേദഗതി പാസാക്കിയതോടെ ദേശീയ EWS കമ്മീഷൻ മുന്നോക്ക വിഭാഗത്തിനും വേണമെന്ന് എൻഎസ്എസ്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി ദുർബലരായവർക്ക് കേന്ദ്രാവിഷ്കൃത പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ കമ്മീഷന് പുറമേ ദേശീയ ധനകാര്യ EWS വികസന കോർപ്പറേഷനും വേണമെന്നും എൻഎസ്എസ് പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.
Content Highlights: Ramesh Chennithala will be inaugurated mannam Jayanthi