കല്‍പറ്റ: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ ടൗണ്‍ഷിപ്പ് പ്രഖ്യാപനത്തിനു പിന്നാലെ റവന്യു മന്ത്രി കെ രാജന്‍ ഇന്ന് വയനാട്ടില്‍ എത്തും. ജില്ലാ കളക്ടറേറ്റില്‍ രാവിലെ 10 മണിക്ക് അവലോകനയോഗം ചേരും. ടൗണ്‍ഷിപ്പ് പദ്ധതികള്‍ നടപ്പിലാക്കുന്ന എല്‍സ്റ്റണ്‍, നെടുമ്പാല എസ്റ്റേറ്റുകള്‍ മന്ത്രി സന്ദര്‍ശിച്ചേക്കും.
ആസ്തി പരിശോധനയുടെ ഭാഗമായുള്ള സര്‍വ്വേ നെടുമ്പാല എസ്റ്റേറ്റിലും എല്‍സ്റ്റണ്‍ എസ്റ്റേറ്റിലും ഇന്നും തുടരും. രണ്ടാഴ്ചകൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആണ് ശ്രമം. അതേസമയം വീട് നിര്‍മ്മാണത്തിന് 5 അഞ്ചു സെന്റ് എന്ന പ്രഖ്യാപനം അംഗീകരിക്കില്ല എന്നാണ് ദുരന്ത ബാധിതരുടെ രണ്ട് ആക്ഷന്‍ സമിതികളുടെയും നിലപാട്. നെടുമ്പാലയിലേത് പോലെ എല്‍സ്റ്റണിലും 10 സെന്റ് ഭൂമി വീട് നിര്‍മ്മാണത്തിന് വേണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം. ഭൂമി വിലയിലുള്ള വ്യത്യാസം കണക്കിലെടുത്താണ് നെടുമ്പാലയില്‍ 10 സെന്റിലും എല്‍സ്റ്റണില്‍ അഞ്ച് സെന്റിലും വീട് നിര്‍മ്മിക്കുന്നത്.
പുനരധിവാസത്തിനുള്ള സമഗ്ര പദ്ധതിയിക്ക് ഇന്നലെയാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. നെടുമ്പാല, എല്‍സ്റ്റണ്‍ എസ്റ്റേറ്റുകളിലായി രണ്ട് ടൗണ്‍ ഷിപ്പുകള്‍ വികസിപ്പിച്ച് 1000 ചതുരശ്ര അടിയുള്ള വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്നതാണ് പദ്ധതി. ദുരന്തത്തില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നവരുടേയും വാസയോഗ്യമല്ലാത്ത സ്ഥലത്ത് വീട് ഉള്ളവരുടേയും പുനരധിവാസം ഒറ്റഘട്ടമായി നടപ്പിലാക്കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനം മുഖ്യമന്ത്രി വിശദീകരിച്ചു. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനുള്ള ചുമതല. മേല്‍നോട്ടം കിഫ്‌കോണിനാണ്.
Content Highlights: Revenue Minister K Rajan Will Visit Wayanad Today