തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി സ്വാമി സച്ചിദാനന്ദ. സുകുമാരന്‍ നായരുടെ കാഴ്ചപ്പാടാണ് അദ്ദേഹം പറഞ്ഞതെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. താന്‍ പറഞ്ഞത് നാട്ടിലുണ്ടാകേണ്ട കാമ്യമായ പരിഷ്‌കാരത്തെ കുറിച്ചാണ്. ഇത്തരം അഭിപ്രായങ്ങള്‍ പറയാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയേക്കാള്‍ അവകാശം സന്യാസിയായ തനിക്കാണ്. തന്നെ അയാളെന്ന് വിളിച്ചത് സുകുമാരന്‍ നായരുടെ സംസ്‌കാരമാണെന്നും സ്വാമി സച്ചിദാനന്ദ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ശിവഗിരി മഠം പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ അല്ല. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ പിന്തുടരുന്നതാണ്. കേരളത്തിലെ എല്ലാ ജനങ്ങളെയും ശിവഗിരി മഠം ഉള്‍ക്കൊള്ളുന്നു. സുകുമാരന്‍ നായര്‍ എന്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നു. സന്യാസി എന്ന നിലയില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ താനും പറയുന്നു. സുകുമാരന്‍ നായര്‍ പറഞ്ഞതിനെക്കുറിച്ച് തനിക്ക് കൂടുതല്‍ ഒന്നും പറയാനില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ക്ഷേത്രത്തിനുള്ളില്‍ മേല്‍വസ്ത്രം അഴിച്ചു കയറണമെന്നത് അനാചാരമെന്നായിരുന്നു സ്വാമി സച്ചിദാനന്ദ പറഞ്ഞത്. പൂണൂല്‍ കാണുന്നതിന് വേണ്ടിയാണ് പണ്ടുകാലത്ത് ഈ സമ്പ്രദായം തുടങ്ങിയത്. പല ക്ഷേത്രങ്ങളിലും ഈ നിബന്ധന തുടരുന്നുണ്ട്. അത് തിരുത്തണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. സ്വാമി സച്ചിദാനന്ദയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സ്വാമി സച്ചിദാനന്ദയെയും മുഖ്യമന്ത്രിയെയും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചിരുന്നു. ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ മറ്റ് മതങ്ങളെ വിമര്‍ശിക്കാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു സുകുമാരന്‍ നായര്‍ ചോദിച്ചത്. കാലങ്ങളായി തുടരുന്ന ആചാരം മാറ്റിമറിക്കാന്‍ പറയാന്‍ ഇയാള്‍ ആരാണെന്നും സുകുമാരന്‍ നായര്‍ ചോദിച്ചിരുന്നു.
Content Highlights- swamy sachidananda against g sukumaran nair