കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടയിൽ പരിക്കേറ്റ ഉമാ തോമസ് എം എൽ എയുടെ ശ്വാസകോശത്തിൽ നീർക്കെട്ടെന്ന് ഡോക്ടർമാർ. ശ്വാസകോശത്തിലെ നീർക്കെട്ട് കാരണം രണ്ട് ദിവസം കൂടി വെൻ്റിലേറ്ററിൽ തുടരേണ്ടി വന്നേക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. 60 മുതൽ 70 ശതമാനം വരെ ശ്വാസോച്ഛാസം തനിയെ എടുക്കാൻ തുടങ്ങി. നിലവിൽ പ്രഷർ സപ്പോർട്ട് മാത്രമെ നൽകുന്നുള്ളൂ. ആരോഗ്യ സ്ഥിതിയിൽ മുൻപത്തേതിനെ അപേക്ഷിച്ച് വലിയ പുരോഗതിയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
തലച്ചോറിനേറ്റ പരിക്കില്‍ കാര്യമായ ആശങ്കയില്ല. വാരിയെല്ലുകള്‍ ഒടിഞ്ഞതിനാല്‍ കഠിനമായ വേദനയുണ്ട്. ഇതിനായി വേദന സംഹാരി പാച്ചുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞ ദിവസം കണ്ണുകള്‍ തുറക്കുകയും കൈകാലുകള്‍ ചലിപ്പിക്കുകയും ചെയ്തിരുന്നു. മകന് പുതുവത്സരാംശംസയും നേര്‍ന്നിരുന്നു. ഇത് ആരോഗ്യനിലയിലെ ആശാവഹമായ പുരോഗതിയാണെന്നാണ് വിലയിരുത്തൽ. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. താല്‍ക്കാലിക സ്റ്റേജിന്റെ നിര്‍മ്മാണത്തില്‍ അടക്കം സംഘാടനത്തില്‍ ഗുരുതര പിഴവ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
content highlight- Uma Thomas will remain on a ventilator with edema in her lungs