എംടിയുടെ വീട് സന്ദര്‍ശിച്ച് മമ്മൂട്ടി. എംടിയുടെ വിയോഗസമയത്ത് മമ്മൂട്ടിക്ക് വീട്ടിലെത്താന്‍ കഴിഞ്ഞിരുന്നില്ല. സിനിമാചിത്രീകരണങ്ങളുടെ ഭാഗമായി നടന്‍ വിദേശത്തായിരുന്നു.
എംടിയുടെ വീട്ടിലെത്തിയ മമ്മൂട്ടി വളരെ കുറഞ്ഞ വാക്കുകളിലാണ് മമ്മൂട്ടി സംസാരിച്ചത്. മറക്കാത്തതു കൊണ്ടാണല്ലോ എത്തിയത് എന്ന് മമ്മൂട്ടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
നടനും സംവിധായകനുമായ രമേഷ് പിഷാരടിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. എംടിയുടെ കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ച ശേഷം അധികം വൈകാതെ തന്നെ മമ്മൂട്ടി മടങ്ങി.
എംടിയുടെ മരണത്തിന് പിന്നാലെ വൈകാരികമായ കുറിപ്പ് മമ്മൂട്ടി പങ്കുവെച്ചിരുന്നു. സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായിരുന്നു എംടിയെന്നും അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.
നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ തന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു താനെന്നു തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. മനസ് ശൂന്യമാവുന്ന പോലെ തോന്നുന്നുവെന്നും മമ്മൂട്ടി അന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കുറിപ്പില്‍ പറഞ്ഞു.
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം ടി വാസുദേവന്‍ നായര്‍ ഡിസംബര്‍ 25നായിരുന്നു വിടപറഞ്ഞത്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, നാടകപരിഭാഷകന്‍, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, അധ്യാപകന്‍, സംഘാടകന്‍, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്‌കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവന്‍ നായര്‍.
Content Highlights: Mammootty visits MT Vasudevan Nair's house