വയനാട്: വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയൻ മകന് വിഷം നൽകി ജീവനൊടുക്കിയ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. റിപ്പോർട്ടർ പുറത്തുകൊണ്ടുവന്ന വാർത്തയിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. ഈ കേസിലാണ് ഇപ്പോൾ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചിരിക്കുന്നത്.
കൽപ്പറ്റ വിജിലൻസാണ് കേസ് അന്വേഷിക്കുക. നിയമന കോഴ വിവാദങ്ങൾ അടക്കം അന്വേഷണപരിധിയിൽ വരും. ഒന്നരകോടി രൂപയുടെ സാമ്പത്തിക ബാദ്ധ്യത ഉണ്ടെന്ന് വിജയൻ പറഞ്ഞിരുന്നു. ഇതോടെ കേസിൽ ആരോപണവിധേയനായ ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കും കുരുക്ക് മുറുകും. അന്വേഷണം തുടങ്ങിയതായി വിജിലൻസ് ഡിവൈഎസ്പി അറിയിച്ചിട്ടുണ്ട്.
കോൺഗ്രസ് നേതാവ് എൻ എം വിജയനും മകനും ആത്മഹത്യ ചെയ്തതോടെയാണ് ഐ സി ബാലകൃഷ്ണനെതിരെ ഗുരുതര നിയമന ആരോപണങ്ങൾ പുറത്തുവരുന്നത്. കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഐസി ബാലകൃഷ്ണന്റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്‍കിയെന്നുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ ഉടമ്പടി റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു.
ഇതിനിടെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കും രേഖകൾക്കും എതിരെ ഐ സി ബാലകൃഷ്ണൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. നീതിയുക്തമായി പ്രവർത്തിക്കുന്ന ജനപ്രതിനിധിയാണ് താനെന്നും പണം വാങ്ങാൻ ആർക്കും നിർദ്ദേശം നൽകിയില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞിരുന്നു.
Content Highlights: Vigilance investigation at Wayanad dcc treasurer death case