തിരുവനന്തപുരം; വിസിലടിച്ച് കലോത്സവ വേദിയിലേക്ക് എത്തിയ അതിഥിയെ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് വിദ്യാർത്ഥികളും കുടുംബവും. തലയിൽ ചുറ്റിയ പല വർണങ്ങളിലുള്ള മുടിയും, മുഖത്ത് മായാതെ ചേർത്തുനിർത്തിയ ചിരിയുമായി ഗുരുവായൂർ സ്വദേശിനിയായ മായാദേവി നടന്നുകയറിയത് പ്രായഭേദമന്യേ വേദിയിൽ ഒത്തുകൂടിയ മനുഷ്യരുടെ മനസിലേക്കാണ്.ജോക്കർ വേഷത്തിലെത്തി കുട്ടികളോട് കുശലാന്വേഷണം നടത്തുന്ന മായാദേവി വളരെ വേഗത്തിലാണ് കലേത്സവവേദിയിലെ താരമായത്.
'കുട്ടികൾ മത്സരത്തിന്റെ തിരക്കിലാണ്, ടെൻഷനിലാണ്. അവരുടെ രക്ഷിതാക്കളും ടെൻഷനിലാണ്. കലോത്സവവേദിയിലെത്തിയ ഉദ്യോഗസ്ഥരും ടെൻഷനിലാണ്. ഈ ജോക്കർ വേഷം കാണുമ്പോൾ കുറച്ച് നേരത്തേക്കെങ്കിലും അവർ അതൊക്കെ മറന്ന് ഒന്ന് ചിരിക്കും. അങ്ങനെയൊരു പുഞ്ചിരി വിടർത്താൻ കഴിയുന്നുണ്ടെങ്കിൽ അതിന്റെ സന്തോഷത്തിനാണ് ഞാൻ എത്തുന്നത്. മുമ്പ് കോഴിക്കോടുള്ളപ്പോൾ സാന്താ ക്ലോസിന്റെ വേഷത്തിലാണ് എത്തിയത്. അതിനേക്കാൾ സ്വീകാര്യത കിട്ടിയത് ശരിക്ക് ഇപ്പോഴാണ്. ജോക്കറിന്റെ വേഷം കാണുമ്പോൾ എല്ലാവർക്കും കൗതുകമാണല്ലോ. ഓരോ സീസൺ അനുസരിച്ച് വേഷം മാറുന്നയാളാണ് ഞാൻ. ഓണം വന്നാൽ മാവേലിയാവും, ക്രിസ്മസിന് സാന്താ ക്ലോസ് ആകും, ഗുരുവായൂർ അമ്പല പരിസരത്ത് കൃഷ്ണനാകും..', മായാദേവി പറയുന്നു.
ലോട്ടറി വിൽപനയാണ് മായാദേവിയുടെ ജീവിതമാർഗം. ലോട്ടറി വിറ്റ് കിട്ടുന്ന പണം കൊണ്ട് മകളുടെ വിദ്യാഭ്യാസവും ഇവർ നടത്തുന്നുണ്ട്. മകൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കണമെന്നതാണ് മായാദേവിയുടെ പ്രധാന ആഗ്രഹം.
മറ്റുള്ളവരുടെ മുഖത്തെ ചിരി നിറയ്ക്കാൻ പല വേഷങ്ങളിലെത്തുന്ന മായാദേവിക്ക് പറയാൻ പ്രയാസങ്ങൾ നിറഞ്ഞ മറ്റൊരു കഥയുമുണ്ട്. ഗാർഹിക പീഡനം സഹിക്കവയ്യാതായതോടെയാണ് മായാദേവി വിവാഹമോചനം നേടുന്നത്. പിന്നീട് ലോട്ടറി വിൽപന നടത്തിയായിരുന്നു ഉപജീവനത്തിനുള്ള വഴി കണ്ടെത്തിയത്. ആത്മഹത്യചെയ്യാൻ വരെ ചിന്തിച്ച സമയം തന്റെ ജീവിതത്തിൽ ഉണ്ടായിരുന്നുവെന്നും അതിൽ നിന്നും ഇന്ന് ജീവിക്കുന്ന ജീവിതത്തിൽ സന്തോഷമുണ്ടെന്നും മായാദേവി കൂട്ടിച്ചേർത്തു.
Content Highlight: Mayadevi as Joker spread smiles at kalolsavam