തിരുവന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ അറസ്റ്റിൽ പ്രതികരിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. മാന്യമായ രീതിയിലുള്ള അറസ്റ്റിന് ഒരു ജനപ്രധിനിധി അർഹനാണെന്ന് കെ എം ഷാജി പറഞ്ഞു. എന്തിന് വേണ്ടിയാണ് അൻവറിനെ അറസ്റ്റ് ചെയ്തതെന്ന കാര്യം നമ്മൾ ചർച്ച ചെയ്യാൻ മറന്നു പോകരുത്. ഒരു ആദിവാസി യുവാവിനെ ആന ചവിട്ടി കൊന്നപ്പോൾ ആണ് പ്രതികരിച്ചത്. നാട്ടിൽ ഇറങ്ങിയാൽ സിപിഐഎം കൊല്ലും കാട്ടിൽ കയറിയാൽ ആന കൊല്ലും അതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും കെ എം ഷാജി കൂട്ടിച്ചേർത്തു.
അൻവർ സിപിഐഎമ്മിനൊപ്പം നിന്നപ്പോൾ വലിയ പ്രശ്നം ഉണ്ടായിരുന്നില്ല. അയാൾ പാർട്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ ആണ് പ്രശ്നം. അൻവർ നടത്തിയ പ്രവർത്തനങ്ങളെ മുസ്ലിം ലീഗ് പിന്തുണയ്ക്കുന്നു. അൻവറിന്റെ രാഷ്ട്രീയ മാറ്റങ്ങൾ അല്ല, ഭരണകൂടം അൻവറിനോട് കാണിച്ച ക്രൂരതകൾ ആണ് ചർച്ച ചെയ്യേണ്ടത്. പ്രതികാര ഭ്രാന്തോടെയാണ് സർക്കാർ പെരുമാറുന്നത്. പൊതുമുതൽ നശിപ്പിക്കുകയാണെങ്കിൽ ആദ്യം ആരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്നും കെ എം ഷാജി ചോദിച്ചു.
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസിൽ ഞായറാഴ്ച രാത്രിയാണ് പി വി അൻവറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് റിമാൻഡിലായ പി വി അന്‍വര്‍ എംഎല്‍എയെ തവനൂര്‍ സബ് ജയിലില്‍ എത്തിക്കുകയായിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അന്‍വറിനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അന്‍വറിന് പുറമേ ഡിഎംകെ പ്രവര്‍ത്തകരായ സുധീര്‍ പുന്നപ്പാല, മുസ്തഫ പട്ടാമ്പി, ഷൗക്കത്ത് പനമരം, കുഞ്ഞിമുഹമ്മദ് എന്നവരേയും റിമാന്‍ഡ് ചെയ്തിരുന്നു. ഡിഎംകെ പ്രവര്‍ത്തകരേയും തവനൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു.
ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് എടവണ്ണ ഒതായിയിലെ വീട്ടിലെത്തി പി വി അന്‍വര്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയ വിവരം അറിഞ്ഞ് ഡിഎംകെ പ്രവര്‍ത്തകര്‍ അടക്കം വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. അറസ്റ്റിന് പിന്നാലെ അന്‍വറിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചിരുന്നു. ഇതിന് ശേഷം പുറത്തിറങ്ങിയ അന്‍വര്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
Content Highlights: Muslim League leader KM Shaji reacts on pv anvar's arrest