കൊച്ചി: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള കുടുംബത്തിന്റെ ഹർജി ഹൈക്കോടതി തള്ളി.
കേസ് കണ്ണൂര്‍ ഡിഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും എസ്‌ഐടി സുതാര്യമായ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. എസ്‌ഐടി അന്വേഷണ പുരോഗതി കുടുംബത്തെ അറിയിക്കണം. ഡിഐജിയുടെ അനുമതിയോടെ മാത്രമേ കുറ്റപത്രം നല്‍കാവൂ എന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
നവീൻ ബാബുവിന്റേത് കൊലപാതകമാണെന്നും കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്നുമായിരുന്നു കുടുംബത്തിന്റെ വാദം. കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ രാഷ്ട്രീയ പക്ഷപാതപരമായ അന്വേഷണം മാത്രമാണ് നടക്കുക. ഈ സാഹചര്യത്തിൽ കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. നവീന്‍ ബാബുവിനെ കെട്ടിത്തൂക്കി കൊന്നതാണോ എന്ന സാധ്യത പരിശോധിച്ചില്ല. യാത്രയയപ്പ് ചടങ്ങിന് ശേഷം ചിലര്‍ നവീന്‍ ബാബുവിനെ കണ്ടു. മരണത്തിലേക്ക് നയിച്ച വസ്തുതകള്‍ പുറത്തുകൊണ്ടുവരാനായില്ലെന്നും കുടുംബം ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. കുടുംബം എത്തുന്നതിന് മുന്‍പ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നെന്നും എന്നാല്‍ അതുണ്ടായില്ലെന്നും കുടുംബം വാദിച്ചിരുന്നു. കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല. നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കുടുംബം ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാൽ നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെയാണെന്നും കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. നവീൻ ബാബുവിന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലർത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിൽ കേസിൽ മറ്റൊരു ഏജൻസിയുടെ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. കോടതി പറഞ്ഞാൽ കേസിന്റെ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐയും ഹൈക്കോടതിയെ അറിയിച്ചു. അപൂർവ്വ സാഹചര്യങ്ങളിൽ മാത്രമേ സിബിഐ അന്വേഷണം ആവശ്യമുള്ളൂവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഉന്നത ഉദ്യോഗസ്ഥന് മേൽനോട്ട ചുമതല നൽകിയാൽ മതിയോ എന്നും വാദത്തിനിടെ ഹൈക്കോടതി ചോദിച്ചിരുന്നു. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടുത്താൻ മതിയായ തെളിവ് വേണമെന്നും വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
യാത്രയപ്പ് ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവർത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ദിവ്യക്കെതിരെ കേസ് എടുത്തിരുന്നു. മുൻകൂർ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ കീഴടങ്ങിയ പി പി ദിവ്യ റിമാൻഡിൽ ജയിലിൽ കഴിയുകയും പിന്നീട് ജാമ്യം ലഭിക്കുകയുമായിരുന്നു. ശേഷം പി പി ദിവ്യയെ ജില്ലാ പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയംഗമായി സിപിഐഎം നിയമിച്ചിരുന്നു.
Content Highlights: no cbi investigation in naveen babu case