കർഷക നേതാവിൻ്റെ നിരാഹാര സമരം; കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കോടതിയലക്ഷ്യ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്

dot image

ന്യൂ ഡൽഹി: പഞ്ചാബിലെ കനൗരിയിലെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിരാഹാരമനുഷ്ഠിക്കുന്ന ജഗ്ജിത് സിംഗ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാത്തതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

ജഗ്ജിത് സിംഗ് ദല്ലേവാളിന് വൈദ്യസഹായം നല്‍കിയെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം നല്‍കണമെന്നാണ് പഞ്ചാബ് ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ പഞ്ചാബ് ചീഫ് സെക്രട്ടറി വിശദീകരണം നല്‍കിയേക്കും. കര്‍ഷകര്‍ സമരത്തില്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചേക്കും. കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കോടതി സമ്മര്‍ദം ചെലുത്തുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നായിരുന്നു നേരത്തെ സുപ്രീം കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സുപ്രീം കോടതി നടപടി സ്വീകരിക്കുമെന്നാണ് സുപ്രീം കോടതിയുടെ നിലപാട്. ജസ്റ്റിസുമാരായ സൂര്യകാന്ത്, സുധാന്‍ശു ധൂലിയ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത്.

കർഷകരുടെ വിവിധ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2024 നവംബർ 26 മുതലാണ് കർഷക നേതാവായ ജഗ്ജിത് സിംഗ് ദല്ലേവാൾ നിരാഹാര സമരം ആരംഭിക്കുന്നത്. മിനിമം താങ്ങുവിലയുടെ നിയമപരമായ ഉറപ്പ് ഉൾപ്പെടെയാണ് ദല്ലേവാളിന്റെ ആവശ്യം. ഡിസംബർ 31 വരെയായിരുന്നു സർക്കാരിന് സുപ്രീംകോടതി സമയം നൽകിയിരുന്നത്. പഞ്ചാബ് ചീഫ് സെക്രട്ടറിയും ഡിജിപിയും വെർച്വലായി കോടതിയിൽ ഹാജരാകണമെന്നും നിർദേശമുണ്ട്. ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിലായിരുന്നു സുപ്രീം കോടതിയുടെ ഇടപ്പെടൽ. നേതാവിനെ ആശുപത്രിയിലേക്ക് മാറ്റാൻ ജഡ്ജിമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ അവധിക്കാല ബെഞ്ച് നിർദേശിച്ചിരുന്നു.

മൂന്ന് കര്‍ഷക കരിനിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. വിളകള്‍ക്ക് മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ പരിരക്ഷ, കാര്‍ഷിക കടം എഴുതിത്തള്ളല്‍, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍, വൈദ്യുതി നിരക്ക് വര്‍ധനവിനുള്ള നിര്‍ദേശം പിന്‍വലിക്കുക, കര്‍ഷകര്‍ക്കെതിരായ പൊലീസ് കേസ് പിന്‍വലിക്കല്‍, ലഖിംപൂര്‍ ഖേരി അക്രമത്തിന്റെ ഇരകള്‍ക്ക് നീതി, 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പുനഃസ്ഥാപിക്കുക, 2020-21ല്‍ ഡല്‍ഹിയില്‍ നടന്ന സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.

Content Highlights: SC to take up Punjab farmers issue today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us