'എനിക്കും കുടുംബവും വേണ്ടപ്പെട്ടവരുമുണ്ട്; സഹികെട്ടതോടെയാണ് പരാതി നൽകിയത്'; ഹണി റോസ് റിപ്പോർട്ടറിനോട്

നാല് മാസം മുൻപ് ചെമ്മണ്ണൂർ ജ്വലറിയുടെ ഉദ്‌ഘാടന ചടങ്ങിൽ വെച്ചാണ് ബോബി ചെമ്മണ്ണൂർ മോശം പരാമർശം നടത്തിയതെന്ന് ഹണി റോസ്

dot image

കൊച്ചി: അശ്ലീല പരാമർശങ്ങളുടെ പേരിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയത് സഹികെട്ടതോടെയെന്ന് നടി ഹണി റോസ്. തനിക്കും കുടുംബവും വേണ്ടപ്പെട്ടവരുമുണ്ടെന്നും മുഖമില്ലാത്ത അശ്ലീല പ്രചാരകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് ഉറപ്പുനൽകിയിട്ടുണ്ടെന്നും ഹണി റോസ് റിപ്പോർട്ടറിനോട് പറഞ്ഞു.

നാല് മാസം മുൻപ് ചെമ്മണ്ണൂർ ജ്വല്ലറിയുടെ ഒരു ഉദ്‌ഘാടന ചടങ്ങിൽ വെച്ചാണ് ബോബി ചെമ്മണ്ണൂർ തനിക്കെതിരെ മോശം പരാമർശം നടത്തിയതെന്നും ഹണി റോസ് പറഞ്ഞു. ആ പരിപാടി കഴിഞ്ഞയുടനെ തന്റെ വീട്ടുകാരുമായി ഈ വിഷയം താൻ ചർച്ച ചെയ്തിരുന്നു. തുടർന്ന് മാനേജരെ വിളിച്ച് ബോബി ചെമ്മണ്ണൂരിന്റെ പെരുമാറ്റം മോശമായി എന്നും ഇനി ആ സ്ഥാപനവുമായി സഹകരിക്കാൻ താത്പര്യമില്ലെന്നും പറഞ്ഞിരുന്നു. പക്ഷെ അത് കഴിഞ്ഞും അദ്ദേഹം തന്റെ ശരീരത്തെ പറ്റി മോശമായ രീതിയിൽ സംസാരിച്ചുകൊണ്ടിരുന്നു. സഹികെട്ടാണ് താൻ കേസ് ഫയൽ ചെയ്തതതെന്നും ഹണി റോസ് പറഞ്ഞു.

ബോബി ചെമ്മണ്ണൂരിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് ഹണി റോസ് പരാതി നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹണി റോസ് ഫേസ്ബുക്കില്‍ കുറിപ്പും പങ്കുവെച്ചിരുന്നു.

ഹണിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസിക നിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു.

പൊതു വേദികളില്‍ മനഃപൂര്‍വം പിന്തുടര്‍ന്ന് ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ ഒരു വ്യക്തി അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കി ഹണി റോസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളില്‍ തന്റെ പേര് ഉപയോഗിക്കുന്നുവെന്നും ഹണി റോസ് പറഞ്ഞിരുന്നു. ചടങ്ങുകളില്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചത് ആ വ്യക്തി തന്നെ പിന്തുടര്‍ന്ന് അപമാനിക്കുകയാണ്. ഇത്തരം പുലമ്പലുകളെ അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ അതിനര്‍ത്ഥം പ്രതികരണശേഷി ഇല്ല എന്നല്ലെന്നും ഹണി പറഞ്ഞിരുന്നു. എന്നാല്‍ വ്യക്തിയുടെ പേര് ഹണി പുറത്തുപറഞ്ഞിരുന്നില്ല.

ബോബി ചെമ്മണ്ണൂരാണ് ആ വ്യക്തി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞു. ഹണി റോസ് പങ്കുവെച്ച പോസ്റ്റിന് താഴെ പലരും അശ്ലീല കമന്റുമായി എത്തി. ഇതോടെ കമന്റിട്ട മുപ്പതോളം പേര്‍ക്കെതിരെ ഹണി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Content Highlights: Honey Rose on why she filed a complaint against Boby Chemmannur

dot image
To advertise here,contact us
dot image