തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം മൂന്നാം ദിവസം പിന്നിടവേ കലാകിരീടത്തിനായുള്ള പേരാട്ടത്തിൽ കണ്ണൂർ മുന്നിൽ. 713 പോയിൻ്റോടെയാണ് കണ്ണൂർ കുതിപ്പ് തുടരുന്നത്. 708 പോയിൻ്റുമായി കോഴിക്കോടും തൃശ്ശൂരും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമുണ്ട്. 702 പോയിൻ്റുമായി പാലക്കാട് നാലാമതാണ്. പാലക്കാട് ഗുരുകുലം എച്ച്എസ്എ്സ, വഴുതക്കാട് കാർമൽ എച്ച്എസ്എസുമാണ് സ്കൂൾ വിഭാഗത്തിൽ മുന്നിൽ. ഇതിനിടെ മൂന്നാം ദിനം അവസാനിക്കുമ്പോൾ ആകെയുള്ള 249 ഇനങ്ങളിൽ 179 എണ്ണം പൂർത്തിയായി. ഹൈസ്‌കൂൾ പൊതുവിഭാഗത്തിൽ 69, ഹയർ സെക്കൻഡറി പൊതുവിഭാഗത്തിൽ 79, ഹൈസ്‌കൂൾ അറബിക് വിഭാഗത്തിൽ 16, ഹൈസ്കൂൾ സംസ്‌കൃത വിഭാഗത്തിൽ 15 ഇനങ്ങൾ വീതമാണ് പൂർത്തിയായിരിക്കുന്നത്. ഇനി ബാക്കിയുള്ളത് 70 മത്സരങ്ങൾ മാത്രമാണ്.
കുച്ചിപ്പുടി, തിരുവാതിര കളി, നാടോടി നൃത്തം, ദഫ് മുട്ട്, ചവിട്ടുനാടകം, കേരളനടനം, കോൽക്കളി, ആൺകുട്ടികളുടെ ഭരതനാട്യം, പരിചമുട്ട്, ഓട്ടൻ തുള്ളൽ, കഥകളി, ദേശഭക്തിഗാനം, മൂകാഭിനയം, മലപ്പുലയ ആട്ടം, സംഘഗാനം, കഥാപ്രസംഗം, ബാൻഡ് മേളം തുടങ്ങിയ ഇനങ്ങളിൽ മത്സരം നടന്നു.
ഭക്ഷണപ്പന്തലിൽ മൂന്നാംദിനം രാവിലെയും ഉച്ചയ്ക്കുമായി ഇരുപത്തി അയ്യായിരത്തോളം പേരാണ് എത്തിയത്. ഉച്ചയൂണിന് അട പ്രഥമനും മീനില്ലാത്ത മീൻ കറിയുമായിരുന്നു പ്രത്യേക വിഭവങ്ങൾ. ഉച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഭക്ഷണപ്പന്തൽ സന്ദർശിച്ചിരുന്നു. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി ജോയ്, അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശം നൽകിക്കൊണ്ട് മൂന്നാം ദിനത്തിലെ പരിപാടികൾ നിയന്ത്രിച്ചത് സ്ത്രീകൾ മാത്രമാണ്. സന്നദ്ധ സേവന പ്രവർത്തകർ മുതൽ സ്‌റ്റേജ് മാനേജർമാർ വരെ കലോത്സവത്തിലെ എല്ലാ മേഖലകളിലും സ്ത്രീകൾക്കായിരുന്നു ചുമതല. കേരള പ്രദേശ് സ്‌റ്റേറ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ പി എസ് ടി എ) ആണ് ഈ ആശയത്തിന് ചുക്കാൻ പിടിച്ചത്.
Content Highlights: Kerala school kalolsavam Kannur is ahead in the title Run