ബെംഗളൂരു: വാഹനത്തിൽ ഡോ. ബിആർ അംബേദ്കറെ കുറിച്ചുള്ള പാട്ട് വെച്ചതിന് കർണാടകയിൽ വിദ്യാർത്ഥിയായ ദളിത് യുവാവിനെ മർദിച്ചതായി പരാതി. ശ്രീവര സ്വദേശി ദീപുവിനാണ് മർദനമേറ്റത്. ദീപുവും സുഹൃത്തും തുമകുരുവിലെ മുദ്ദനഹള്ളി ഗ്രാമത്തിലൂടെ സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം.
ശ്രീവാര ഗ്രാമത്തിലെ നിവാസിയായ ദീപു പാൽ ശേഖരിക്കാനായാണ് നരസിംഹ മൂർത്തിയോടൊപ്പം വാനിൽ സഞ്ചരിച്ചത്. വൈകീട്ട് ആറ് മണിയോടെ ചന്ദ്രശേഖർ, നരസിംഹരാജു എന്നിവർ ആർപിഎഫ് ഉദ്യോഗസ്ഥരെന്ന വ്യാജേന വാഹനം തടഞ്ഞു നിർത്തി ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ജാതി ചോദിച്ച ശേഷം അക്രമികൾ വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
അടിവയറ്റിൽ തൊഴിയേറ്റ് നിലവിളിച്ച ദീപുവിനെ നാട്ടുകാരെത്തി രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒമ്പതോളം സ്റ്റിച്ചുകൾ ദീപുവിന്റെ ശരീരത്തിലുണ്ടെന്നും നിലവിൽ അപകടനില തരണം ചെയ്തെന്നും ദീപുവിന്റെ ബന്ധു പറഞ്ഞു. ഞായറാഴ്ച സംഭവത്തെ കുറിച്ച് ദളിത് സംഘടനകൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഗുബ്ബി പോലീസ് കേസെടുത്തിട്ടുണ്ട്.
Content Highlight: 19 year old dalit youth attacked by miscreants over playing song of Ambedkar