എന്‍ എം വിജയന്റെ മരണം; കെപിസിസി അന്വേഷണ സമിതി നാളെ കല്‍പറ്റയില്‍

അന്വേഷണത്തിന്റെ ഭാഗമായി എന്‍ എം വിജയന്റെ ബന്ധുക്കളുമായി സമിതി അംഗങ്ങള്‍ സംസാരിക്കും

dot image

വയനാട്: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ അന്വേഷണത്തിന് നിയോഗിച്ച കെപിസിസി സമിതി നാളെ കല്‍പറ്റയില്‍ എത്തും. കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് എത്തുക. അന്വേഷണത്തിന്റെ ഭാഗമായി എന്‍ എം വിജയന്റെ ബന്ധുക്കളുമായി സമിതി അംഗങ്ങള്‍ സംസാരിക്കും. ഇതിന് പുറമേ ഡിസിസി ഓഫീസില്‍ നേതാക്കളുമായി സമിതി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

എന്‍ എം വിജയന്റെ മരണം വിവാദമായ പശ്ചാത്തലത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിര്‍ദേശ പ്രകാരമാണ് പ്രത്യേക സമിതിയെ രൂപീകരിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പുറമേ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്ത് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. അതിനിടെ എന്‍ എം വിജയന്‍ എഴുതിയതായി പുറത്തുവന്ന ആത്മഹത്യാ കുറിപ്പ് കോണ്‍ഗ്രസിന് കുരുക്ക് മുറുക്കുകയാണ്. കത്ത് കെപിസിസി നേതൃത്വം പൂഴ്ത്തിവെച്ചുവെന്നുള്ള ആരോപണം ശക്തമായി. കത്ത് ലഭിച്ചിരുന്നുവെന്നും എന്നാല്‍ വായിച്ചിരുന്നില്ലെന്നുമള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആരോപണങ്ങള്‍ തള്ളി വിജയന്റെ മകന്‍ വിജേഷ് രംഗത്തെത്തി.

വിജയന്‍ മരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കെ സുധാകരനെ നേരില്‍ പോയി കണ്ടിരുന്നുവെന്നും കത്ത് കൈമാറിയെന്നുമാണ് വിജേഷ് പറയുന്നത്. പത്ത് മിനിറ്റോളം സുധാകരനുമായി സംസാരിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. നോക്കാം എന്നായിരുന്നു മറുപടി നല്‍കിയത്. ഇതിന് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശനേയും കണ്ടു. പാര്‍ട്ടി മറുപടി പറയേണ്ട വിഷയമല്ലെന്നായിരുന്നു വി ഡി സതീശന്റെ മറുപടിയെന്നും വിജേഷ് പറഞ്ഞിരുന്നു. കുടുംബം നിലപാട് കടുപ്പിച്ചതോടെ എന്‍ എം വിജയന്‍ എഴുതിയ കത്ത് കണ്ടില്ലെന്ന് ആദ്യം പറഞ്ഞ സതീശന്‍ അത് തിരുത്തി. കത്ത് രണ്ട് ദിവസം മുന്‍പ് കിട്ടിയെന്നും വിജയന്റെ കുടുംബം ഭീഷണി സ്വരത്തില്‍ സംസാരിച്ചു എന്നുമായിരുന്നു സതീശന്റെ പ്രതികരണം.

ഇന്നലെയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണമുള്ള, എന്‍ എം വിജയന്‍ എഴുതിയതായി പറയുന്ന ആത്മഹത്യാ കുറിപ്പ് പുറത്തുവന്നത്. നിയമനത്തിനെന്ന പേരില്‍ പണം വാങ്ങിയത് ഐ സി ബാലകൃഷ്ണനാണെന്ന് കത്തില്‍ വ്യക്തമാക്കിയിരുന്നു. വലിയ ബാധ്യതകള്‍ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും കെപിസിസി നേതൃത്വത്തിന് എല്ലാം അറിയാമെന്നും ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു. ഐ സി ബാലകൃഷ്ണന് പുറമേ എന്‍ ഡി അപ്പനും പണം വാങ്ങാന്‍ ആവശ്യപ്പെട്ടതായും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights- kpcc committe will arrive tomorrow in kalpatta for investigate n m vijayan death

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us