കൽപറ്റ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റയും മകൻ്റെ യും മരണത്തിൽ ഐ സി ബാലകൃഷ്ണനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ. വയനാട്ടിൽ നടന്നത് ഇരട്ടക്കൊലപാതകമാണെന്നും വി ഡി സതീശനും കെ സുധാകരനും കോഴപ്പണത്തിൻ്റെ പങ്ക് പറ്റിയിട്ടുണ്ടെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. ഐ സി ബാലകൃഷ്ണനെ പൊതു പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്നും പങ്കെടുപ്പിച്ചാൽ ശക്തമായി പ്രതിഷേധിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി വസീഫും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് എൻ എം വിജയനും മകനും ആത്മഹത്യ ചെയ്തതോടെയാണ് ഐ സി ബാലകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്തുവരുന്നത്. കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലിക്കായി ഐസി ബാലകൃഷ്ണൻ്റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്‍കിയെന്നുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ ഉടമ്പടി റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനേയും മകൻ ജിജേഷിനേയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ 27ന് ഇരുവരും മരിച്ചു.
അതേ സമയം, കായികമേളയിലെ പ്രതിഷേധിച്ചതിന് പിന്നാലെ സ്കൂളുകളെ വിലക്കിയ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു. വിദ്യാർഥികളുടെ ഭാവി പരിഗണിച്ച് സർക്കാർ തീരുമാനമെടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
content highlight- NM Vijayan's death: DYFI wants to file a murder case against IC Balakrishnan