കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ നാളെ കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിന് ശേഷമാകും ഹാജരാക്കുക. സ്ത്രീകൾക്ക് നേരെ അശ്ലീല പരാമർശം നടത്തുക, അവ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുള്ളത്.
അൽപ സമയം മുൻപാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വയനാട്ടിൽ നിന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബോബി ചെമ്മണ്ണൂരിനെ അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വയനാട്ടിലെ ഫാം ഹൗസിൽ നിന്ന് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തത് ലോക്കൽ പൊലീസ് പോലും അറിഞ്ഞിരുന്നില്ല.
ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുക്കാൻ രാവിലെ നാല് മണി മുതൽ തന്നെ പൊലീസ് വയനാട്ടിലെ ബോബിയുടെ ഫാം ഹൗസിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ബോബി ചെമ്മണ്ണൂർ ഒളിവിൽ പോകുന്നത് മുൻകൂട്ടി കണ്ടുകൊണ്ടും കൂടിയായിരുന്നു ഈ നീക്കം. റിസോർട്ടിൽ നിന്ന് ബോബി ചെമ്മണ്ണൂർ പുറത്തുപോകാൻ തയ്യാറെടുക്കുമ്പോൾ പൊലീസ് കാർ വളഞ്ഞ് പിടികൂടുകയായിരുന്നു. എറണാകുളം സെൻട്രൽ പൊലീസും വയനാട് എസ്പി തപോഷ് ബസുമതാരിയുടെ സ്‌ക്വാഡും ചേർന്ന് നടത്തിയ നീക്കം ലോക്കൽ പൊലീസിനെപ്പോലും അറിയിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി പൊലീസ് കേസെടുത്തിരുന്നു. ഐടി ആക്ടും ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരുന്നു. കേസ് സെൻട്രൽ എസിപി ജയകുമാറിന്റെ മോൽനോട്ടത്തിൽ പത്ത് അംഗ സംഘമാണ് അന്വേഷിക്കുന്നത്. സംഘത്തിൽ മൂന്ന് വനിതാ ഉദ്യോഗസ്ഥരും ഉണ്ട്.
ഹണി റോസ് പരാതി നൽകിയതിന് പിന്നാലെ തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കുന്നുവെന്നും ഹണി റോസിനെ മോശമായി ചിത്രീകരിക്കണമെന്ന് കരുതിയായിരുന്നില്ല തന്റെ പരാമര്‍ശമെന്നും ബോബി ചെമ്മണ്ണൂര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.
Content Highlights: Boby Chemmannur to be produced at court tomorrow