കല്‍പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഇന്ന് വയനാട്ടിലെത്തും. രാവിലെ 10 മണിക്ക് ഡിസിസിയിലെ യോഗത്തിനു ശേഷം വിജയന്റെ കുടുംബാംഗങ്ങളെ സമിതി സന്ദര്‍ശിക്കും. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുമായി കുടിക്കാഴ്ച നടത്തും. ആരോപണ വിധേയരായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ,
എന്‍ ഡി അപ്പച്ചന്‍, കെഎല്‍ പൗലോസ് എന്നിവരുടെയും ബത്തേരിയിലെ പ്രാദേശിക നേതാക്കളുടെയും അടക്കം മൊഴി കമ്മീഷന്‍ രേഖപെടുത്തും.
കെപിസിസി അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, വര്‍ക്കിംഗ് പ്രസിഡണ്ട് ടി എന്‍ പ്രതാപന്‍, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്ത് എന്നിവരാണ് കെപിസിസി അന്വേഷണ സമിതി അംഗങ്ങള്‍.
വയനാട് ഡിസിസി പ്രസിഡന്റ് എന്‍എം വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത് വന്നതോടെയാണ് പാര്‍ട്ടി പ്രതിസന്ധിയിലായത്. എംഎല്‍എ ഐ സി ബാലകൃഷ്ണന്‍, എന്‍ ഡി അപ്പച്ചന്‍ എന്നിവരുടെ പേരുകളടക്കം വിജയന്‍ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിട്ടുള്ളത്. കെപിസിസി പ്രസിഡന്റിനും പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമാണ് കത്തെഴുതിയിരിക്കുന്നത്. നിയമനത്തിനെന്ന പേരില്‍ പണം വാങ്ങിയത് എംഎല്‍എ ആണെന്ന് കത്തില്‍ പറയുന്നുണ്ട്. വലിയ ബാധ്യതകള്‍ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും കെപിസിസി നേതൃത്വത്തിന് എല്ലാം അറിയാമെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
Content Highlights: N M Vijayan Death KPCC inquiry commission will reach Wayanad today