കൊച്ചി: കലൂരിൽ നടത്തിയ നൃത്തപരിപാടിയിലെ പണപ്പിരിവിൽ സംഘാടകർ ആയ മൃദംഗ വിഷന്റെ കണക്കുകൾ പരിശോധിച്ച് പൊലീസ്. പരിപാടിയുടെ വരവ് ചെലവ് കണക്കുകൾ പൊലീസ് നടത്തിവരികയാണ്. പണം എത്തിയ അക്കൗണ്ടുകൾ കണ്ടെത്താനും നടപടി തുടങ്ങിയിട്ടുണ്ട്. പ്രതിഫലം അല്ലാത്ത സാമ്പത്തിക ലാഭം ദിവ്യ ഉണ്ണിക്ക് ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും. അതിന് ശേഷം മാത്രമായിരിക്കും ദിവ്യാ ഉണ്ണിയെ ചോദ്യം ചെയ്യുക.
അന്വേഷണവുമായി ബന്ധപ്പെട്ട് മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ടുകൾ നേരത്തെ മരവിപ്പിച്ചിരുന്നു. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിൽ വൻ രജിസ്ട്രേഷൻ കൊള്ള നടന്നതായി ആരോപണങ്ങളുണ്ടായിരുന്നു. കുട്ടികളിൽ നിന്ന് 1400 മുതൽ 5000 രൂപ വരെ വാങ്ങിയതായാണ് മൃദംഗനാദം സംഘാടകർക്ക് എതിരെയുളള ആരോപണം. കുട്ടികളിൽ നിന്ന് പിരിച്ച രൂപ കൂടാതെ ദിവ്യാ ഉണ്ണിയുടെ പേരിലും പണ പിരിവ് നടത്തിയെന്നാണ് ആരോപണം. പരസ്യത്തിനായും വൻ തുക സംഘാടകർ പിരിച്ചുവെന്നും നൃത്ത അധ്യാപകർ പറഞ്ഞിരുന്നു.
ആരോപണങ്ങൾ വ്യാജമെന്ന് പറഞ്ഞ് മൃദംഗ വിഷൻ പ്രൊപ്രൈറ്റർ എം നികോഷ് കുമാറും രംഗത്തെത്തിയിരുന്നു. പണമിടപാടുകൾ എല്ലാം ബാങ്ക് വഴിയാണ് നടന്നത്. പരിപാടിയിൽ നിന്ന് മൊത്തത്തിൽ മൂന്നര കോടി രൂപ സമാഹരിച്ചു. ജി എസ് ടി കിഴിച്ച് ഉള്ള കണക്ക് ആണ് മൂന്നര കോടി. 24 ലക്ഷം രൂപ ഗിന്നസ് വേൾഡ് റെക്കോർഡിന് കൈമാറി. ജി എസ് ടി കിഴിച്ച് ഒരാളിൽ നിന്ന് 2900 വാങ്ങി. അതിൽ സാരിയുടെ 390 രൂപ ഉൾപ്പെടും. 1600 രൂപ വാങ്ങിയ കണക്കിനെ പറ്റി തങ്ങൾക്ക് അറയില്ലെന്നും ടീച്ചർമാരാണ് അത് കൈകാര്യം ചെയ്തതെന്നും നികോഷ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
Content Highlights: police checked the accounts of Mridanga Vision, the organizers of the dance program held in Kaloor