കോഴിക്കോട്: ഡിസിസി ട്രഷറർ എൻ എം വിജയൻ്റെയും മകൻ്റെയും മരണം കൊലപാതകമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിരപരാധികളായവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് കോൺഗ്രസ് നേതൃത്വമാണെന്നും അദ്ദേഹം വിമർശിച്ചു. സാമ്പത്തികമായുള്ള വഴികൾ അടഞ്ഞപ്പോഴാണ് ആത്മഹത്യ. ആരോപണവിധേയനായ ഐ സി ബാലകൃഷ്ണൻ എത്രയും പെട്ടെന്ന് എംഎൽഎ സ്ഥാനം രാജിവെക്കണം എന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
മരിച്ചവരുടെ കുടുംബത്തെ പോലും അപമാനിച്ചവരാണ് കെ സുധാകരനും വി ഡി സതീശനും. മരിച്ചവരുടെ ഫോൺകോളുകൾ പരിശോധിച്ചാൽ കൊലപാതകമാണെന്ന് മനസ്സിലാകും. സംഭവത്തിൽ സർക്കാർ ശക്തമായി ഇടപെടും. എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വീകരിക്കും എന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പെരിയ ഇരട്ട കൊലപാതകത്തിൽ സിപിഐഎം നിലപാട് ശരിയാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം പ്രതികരിച്ചു. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ല. പൊലീസ് കൃത്യമായി അന്വേഷണം നടത്തി എന്നാൽ സിബിഐ രാഷ്ട്രീയമായാണ് കേസ് അന്വേഷിച്ചത്. സിപിഐഎം നേതാക്കളെ കള്ള കേസിൽ കുടുക്കാൻ ശ്രമിച്ചത് പാർട്ടിയെ കുടുക്കാനുള്ള തന്ത്രമാണെന്നും എം വി ഗോവിന്ദൻ തുറന്നടിച്ചു.
പാർട്ടി ജില്ലാ സെക്രട്ടറിയെ ഉൾപ്പടെ പ്രതി ചേർത്തത് ആസൂത്രിതമായെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. ചില പ്രാദേശിക തർക്കങ്ങൾ നിലനിന്നിരുന്നു. എന്നാൽ കൊലപാതകത്തിലോ, ഗൂഢാലോചനയിലോ പാർട്ടിക്ക് പങ്കില്ല. ഹൈക്കോടതി ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞു, സിപിഐഎം നിലപാട് ശരിയാണെന്ന് കോടതി അംഗീകരിക്കുകയായിരുന്നു എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി. അതേസമയം പെരിയ ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതരായ സിപിഐഎം നേതാക്കളെ മാലയിട്ട് സ്വീകരിച്ചതിൽ അദ്ദേഹം വിശദീകരണവും നൽകി. പ്രതികളായവരെ മാലയിട്ട് സ്വീകരിക്കുന്നത് തെറ്റാണ്, പക്ഷേ കോടതി കുറ്റക്കാരല്ലെന്ന് പറഞ്ഞ പ്രവർത്തകരെ മാലയിട്ട് സ്വീകരിക്കുന്നത് സമൂഹത്തിന് ശരിയായ സന്ദേശമാണ് നൽകുന്നത് എന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Content Highlights: DCC Treasurer M N Vijayan and son's suicide is murder, MV Govindan against Congress