കൊച്ചി: ജയിൽ ജീവിതം എങ്ങനെ ഉണ്ടെന്നറിയാൻ ബോചെ എന്ന ബോബി ചെമ്മണ്ണൂരിന് വലിയ ആഗ്രഹമായിരുന്നു. അതിനായി പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് കേരള പൊലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്ന് ആഗ്രഹം നടന്നില്ല. വർഷങ്ങൾക്കിപ്പുറം ലൈംഗികാധിക്ഷേപ കേസിൽ കോടതി ജാമ്യം നിഷേധിച്ചതോടെ കാക്കനാട് ജയിലിൽ എത്തിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ. താനുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുറത്ത് പുകയുമ്പോൾ ജയിലിനുള്ളിൽ ബോചെ ഹാപ്പിയാണെന്നാണ് ജയിൽ അധികൃതർ പറയുന്നത്.
കാക്കനാട് ജില്ലാ ജയിലിൻ്റെ എ ബ്ലോക്കിൽ ഒന്നാം നമ്പർ സെല്ലിലാണ് ബോബി ചെമ്മണ്ണൂരിനെ പാർപ്പിച്ചിരിക്കുന്നത്. ഗുണ്ടകളായ ആറ് പേരാണ് ബോബി ചെമ്മണ്ണൂരിനൊപ്പം സഹതടവുകാരായി ഉള്ളത്. ഇവർക്കൊപ്പമാണ് ഭക്ഷണവും ഉറക്കവും. ആർ പി 8683 ആണ് ബോബി ചെമ്മണ്ണൂരിന്റെ നമ്പർ. ഇന്നലെ രാത്രി ചപ്പാത്തിയും വെജിറ്റബിൾ കറിയും കഴിച്ച് 10 മണിയോടെ ഉറങ്ങി. കിടന്നത് പായ വിരിച്ച് തറയിൽ. രാവിലെ അഭിഭാഷകരും ബന്ധുക്കളുമുൾപ്പെടെ സന്ദർശകർ ഉണ്ടായിരുന്നു. പ്രഭാത ഭക്ഷണം ചപ്പാത്തിയും കടലയും ചായയും. ഉച്ചയ്ക്ക് ചോറ്. സെല്ലിൽ സഹതടവുകാർക്കൊപ്പം കുശലം പറഞ്ഞ് ബോചെ സന്തോഷവാനായിരിക്കുന്നുവെന്നും ജയിൽ അധികൃതർ പറഞ്ഞു.
നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത ലൈംഗികാധിക്ഷേപ കേസാണ് ബോബി ചെമ്മണ്ണൂരിനെ ജയിലിൽ എത്തിച്ചിരിക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്ന് നടന്നത് ചൂടേറിയ വാദങ്ങളാണ്. ഹണി റോസ് വേട്ടയാടുന്നുവെന്നും ജാമ്യം നിഷേധിച്ച മജിസ്‌ട്രേറ്റ് കോടതി ഉത്തരവിന് വിശ്വാസ്യതയില്ലെന്നും വാദിച്ച പ്രതിഭാഗം അഭിഭാഷകനോട് ബോബി ചെമ്മണ്ണൂരിന് മാത്രമായി ഒരു പ്രത്യേകതയും ഇല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. സാധാരണക്കാർക്കില്ലാത്ത ഒരു പരിഗണനയും ഈ കേസിലുമില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. തുടർന്ന് ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാനായി മാറ്റി. കീഴ്കോടതിയിൽ ഉന്നയിച്ച അതേ വാദങ്ങൾ തന്നെയാണ് ബോബിയുടെ അഭിഭാഷകൻ ഹൈക്കോടതിയിലും ഉന്നയിച്ചത്. പരാതിക്കാരിയുടെ ആക്ഷേപങ്ങൾ അടിസ്ഥാന വിരുദ്ധമെന്ന് അഭിഭാഷകൻ പറഞ്ഞു. പരാതിക്കാധാരമായ സംഭവത്തിന്റെ ദൃശ്യങ്ങൾ നടി തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്ന് നടി തന്നെ പുകഴ്ത്തി സംസാരിച്ചു. ഇതിന് ദൃശ്യങ്ങൾ തന്നെ തെളിവുണ്ടെന്നും ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദമുയർന്നു.
പൊലീസിന്റെ അറസ്റ്റ് നടപടി നിയമ വിരുദ്ധമെന്ന് അഭിഭാഷകൻ പറഞ്ഞു. തന്നെ തടഞ്ഞുവച്ചത് യൂണിഫോമിലല്ലാതെ എത്തിയ ഒരു സംഘം ആളുകളാണെന്നും ഇരുപത്തിനാല് മണിക്കൂറിലധികം സമയം നിയമ വിരുദ്ധമായി തന്നെ കസ്റ്റഡിയിൽ വെച്ചുവെന്നും പ്രതിഭാഗം വാദിച്ചു. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റ് ആണ് ജാമ്യാപേക്ഷയിൽ വാദം കേട്ടതെന്നും ഇത് നടപടിക്രമങ്ങൾക്ക് വിരുദ്ധമെന്നും വാദിച്ച് ജാമ്യം നിഷേധിച്ച മജിസ്‌ട്രേറ്റ് കോടതിക്കെതിരെ ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ രംഗത്തുവന്നു.
ബോബി ചെമ്മണ്ണൂർ ഹണി റോസിനെതിരെ നടത്തിയത് ലൈംഗിക ചുവയോടെയുള്ള ദ്വയാർത്ഥ പ്രയോഗം തന്നെയെന്ന് കഴിഞ്ഞദിവസം കോടതി നിരീക്ഷിച്ചിരുന്നു. ഈ ഘട്ടത്തിൽ തെളിവുകൾ പരിശോധിക്കേണ്ടതില്ലെന്നും ബോബി ചെമ്മണ്ണൂർ സാക്ഷികളെ സ്വാധീനിക്കാനും ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഉത്തരവ് വന്നതോടെ ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ എറണാകുളം ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് കാക്കനാട് ജയിലിൽ എത്തിച്ചു. ജയിലിന് മുന്നിൽ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരോട് താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂർ ആവർത്തിച്ചിരുന്നു.
Content Highlights: boby chemmanur happy at jail