'അൻവറിന് മുന്നിൽ വാതിൽ കൊട്ടിയടച്ചിട്ടില്ല'; പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം തള്ളാതെ കെ മുരളീധരൻ

യുഡിഎഫ് അൻവറിനെ സ്വീകരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ്, ഈ നിലപാടിനെ തള്ളാതെ കെ മുരളീധരൻ രംഗത്തുവന്നത്

dot image

തിരുവനന്തപുരം: പി വി അൻവറിന്റെയും ഡിഎംകെയുടെയും യുഡിഎഫ് പ്രവേശനം തള്ളാതെ കെ മുരളീധരൻ. അൻവറിന് മുൻപിൽ വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നും പാർട്ടി മുന്നണിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. യുഡിഎഫ് അൻവറിനെ സ്വീകരിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നിലനിൽക്കെയാണ്, ഈ നിലപാടിനെ തള്ളാതെ കെ മുരളീധരൻ രംഗത്തുവന്നത്.

കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനുള്ള ചർച്ചകൾ സജീവമായിരിക്കെ, 2026 ആരും അജണ്ട ആക്കിയിട്ടില്ല എന്നും 2025ലെ തദ്ദേശ തിരഞ്ഞെടുപ്പാണ് നിലവിൽ ലക്ഷ്യമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയും 2025ലെ തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്ന് പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. അധികം എടുത്തുചാടരുത് എന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരണമെന്നും എ കെ ആന്റണി പറഞ്ഞിരുന്നു. അനവസരത്തിലുളള ചർച്ചകൾ വേണ്ടെന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പ് അവിടെ നിൽക്കട്ടെ എന്നും എ കെ ആന്റണി പറഞ്ഞിരുന്നു.

യുഡിഎഫ് രംഗപ്രവേശന അഭ്യൂഹം സജീവമാക്കി പി വി അൻവർ പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വനനിയമഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്നും മറ്റു രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നുമാണ് അന്‍വര്‍ പിന്നീട് പ്രതികരിച്ചത്. രമേശ് ചെന്നിത്തലയും കെ സുധാകരനും അൻവറിനെ സ്വീകരിക്കുന്നത് അനുകൂലിക്കുന്നവരാണ്. തന്റെ ഇഷ്ടാനുഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ഉചിതമായ സമയത്ത് യുഡിഎഫ് നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നുമായിരുന്നു വി ഡി സതീശൻ പ്രതികരിച്ചിരുന്നത്.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശം നടത്തിയ അന്‍വറിനെ യുഡിഎഫിലേക്ക് എടുക്കുന്നതില്‍ വി ഡി സതീശന്‍ അടക്കം പലനേതാക്കളും അതൃപ്തി പങ്കുവെച്ചിരുന്നു. പ്രതിപക്ഷ നേതാവിനെതിരെയും അന്‍വര്‍ ഗുരുതര ആരോപണങ്ങള്‍ നേരത്തെ ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിനെതിരെ നിരന്തരം സമരം പ്രഖ്യാപിക്കുകയും നിലവില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിവാദം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്‍വറിനെ ഒപ്പം നിര്‍ത്തണമെന്ന അഭിപ്രായ യുഡിഎഫില്‍ രൂപപ്പെടുകയാണ്.

Content Highlights: K Muraleedharan on welcoming PV Anvar to UDF

dot image
To advertise here,contact us
dot image