കൊച്ചി: എറണാകുളം ആലുവയിൽ 40 പവൻ സ്വർണ്ണം കവർച്ച ചെയ്യപ്പെട്ട കേസിൽ പുതിയ കണ്ടെത്തൽ. കേസിലെ പ്രതിയായ മന്ത്രവാദി പണവും സ്വർണവും മോഷ്ടിച്ചതല്ലെന്നും വീട്ടമ്മ തന്നെ നൽകിയതാണെന്നുമാണ് കണ്ടെത്തൽ. ഭർത്താവിനും മക്കൾക്കും അപകട മരണം സംഭവിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് മന്ത്രവാദി വീട്ടമ്മയിൽ നിന്ന് പണവും സ്വർണവും തട്ടിയത്. ആഭിചാരക്രിയ ചെയ്യുന്ന മന്ത്രവാദിയുടെ നിർദേശ പ്രകാരമാണ് സ്വർണവും പണവും കൊടുത്തതെന്ന് വീട്ടമ്മയും സമ്മതിച്ചു. വീടിന്റെ മുൻവശത്തെ വാതിലിന്റെ ലോക്ക് പൊളിച്ചതും വീട്ടിൽ കവർച്ച നടന്ന രീതിയിൽ ചിത്രീകരിച്ചതും വീട്ടമ്മ തന്നെയെന്നും പൊലീസ് കണ്ടെത്തി.
ജനുവരി ആറിന് ആലുവയിലെ ഇബ്രാഹിം കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നതായി പരാതിപ്പെട്ടത്. ചെമ്പകശ്ശേരി ആശാൻ കോളനി ആയത്ത് വീട്ടിൽ ഇബ്രാഹിം കുട്ടിയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയെന്നായിരുന്നു പരാതി. പകൽ ആരുമില്ലാതിരുന്ന സമയം വീടിന്റെ പൂട്ട് പൊളിച്ച് 40 പവനോളം സ്വർണവും 8 ലക്ഷം രൂപയും മോഷണം പോയെന്നായിരുന്നു പരാതി. തുടർന്ന് കളമശേരിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയായ മന്ത്രവാദി അൻവർ (36) അറസ്റ്റിലാവുകയായിരുന്നു. പട്ടാപ്പകൽ എട്ടരലക്ഷം രൂപയും 40 പവനും പ്രതി കവർന്നു എന്നായിരുന്നു ആദ്യം കണ്ടെത്തിയത്. ഇബ്രാഹിം കുട്ടി പഴയവീടുകൾ പൊളിയ്ക്കുന്ന ബിസിനസുകാരനാണ്. അദ്ദേഹവും, ഭാര്യയും വീട്ടിലിലാത്ത സമയം കൃത്യമായി മനസ്സിലാക്കിയ ശേഷം പ്രതി മോഷണം നടത്തിയെന്നതായിരുന്നു കണ്ടെത്തൽ. എന്നാൽ പിന്നീടാണ് പണം മോഷ്ടിച്ചതല്ല, വീട്ടമ്മയിൽ നിന്ന് കബളിപ്പിച്ച് വാങ്ങിയതാണെന്ന് കണ്ടെത്തിയത്.
രണ്ട് വർഷം മുമ്പാണ് വീട്ടമ്മ ഇയാളെ പരിചയപ്പെട്ടത്.വീട്ടിലെ പ്രശ്നങ്ങൾ മാറാൻ ആഭിചാരക്രിയ നടത്താമെന്ന് പറഞ്ഞായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. ഭർത്താവിനും മക്കൾക്കും അപകട മരണം സംഭവിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കബളിപ്പിക്കൽ. പല തവണകളായി പണവും സ്വർണവും ഇയാൾ വീട്ടമ്മയിൽ നിന്ന് കൈപ്പറ്റുകയായിരുന്നു.
content highlight- Aluva Theft sorcerer tricked the Complainant police report