കോഴിക്കോട്: പൊലീസ് നിരന്തരം വേട്ടയാടുന്നുവെന്ന് കോഴിക്കോട് നിന്ന് കാണാതായ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവറായിരുന്ന രജിത് കുമാര്‍. താന്‍ തെറ്റ് ചെയ്തിട്ടില്ല. അസമയത്ത് പോലും ഭാര്യയും മകനെയും ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടായി. ഫോണുകളും വണ്ടിയും പൊലീസ് പിടിച്ചെടുത്തു. പൊലീസ് പിടിച്ചെടുത്ത കാര്‍ അല്ല മുന്‍പ് താന്‍ ഉപയോഗിച്ചത്. അന്ന് ബുള്ളറ്റാണ് ഉപയോഗിച്ചതെന്നും രജിത് കുമാര്‍ പറഞ്ഞു.
കാണാതാകുന്ന ദിവസമാണ് മാമിയെ താന്‍ അവസാനമായി കാണുന്നതെന്നും രജിത് കുമാര്‍ പറഞ്ഞു. അന്ന് വൈകിട്ട് 6.30 ഓടെ മാമി പള്ളിയിലേക്ക് പോകുന്നത് കണ്ടിരുന്നു. ആ സമയം തന്റെ കൂടെ മകന്‍ ഉണ്ടായിരുന്നുവെന്നുള്ള ആരോപണം തെറ്റാണെന്നും രജിത് കുമാര്‍ പറഞ്ഞു. പൊലീസിന്റെ ചോദ്യം ചെയ്യല്‍ കടുത്തതോടെ മകന്റെ സുഹൃത്തുക്കള്‍ പോലും അകന്നു. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ ജയിലില്‍ പിടിച്ച് ഇടട്ടെ. മാമി തിരോധാനം തെളിയണമെങ്കില്‍ കേസ് സിബിഐ അന്വേഷിക്കണമെന്നും രജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഗുരുവായൂരില്‍ നിന്ന് ഇന്നലെ വൈകിട്ടോടെ കണ്ടെത്തിയ രജിത് കുമാറിനേയും ഭാര്യ തുഷാരയേയും രാത്രിയോടെ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു.
രജിത് കുമാറിനേയും ഭാര്യയേയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കഴിഞ്ഞദിവസം നടക്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചതിനിടെ ഗുരുവായൂരില്‍ നിന്ന് ഇരുവരേയും കണ്ടെത്തുകയായിരുന്നു. ഗുരുവായൂരില്‍ ഇരുവരും മുറിയെടുത്തിരുന്നു.മാമി തിരോധാനവുമായി ബന്ധപ്പെട്ട് രണ്ട് തവണയാണ് രജിത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21നാണ് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണായത്. അരയിടത്തുപാലത്തെ ഓഫീസില്‍ നിന്ന് വീട്ടിലേക്കിറങ്ങിയ മാമിയെ കാണാതാവുകയായിരുന്നു. തലക്കുളത്താണ് മാമിയുടെ ഫോണിന്റെ അവസാന ലൊക്കേഷന്‍ കാണിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. നടക്കാവ് പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളും ബാങ്ക് ഇടപാടുകളും മൊബൈല്‍ ടവര്‍ ലൊക്കേഷനും ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്തിയിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. മാമി തിരോധാനത്തില്‍ പൊലീസിന് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി പി വി അന്‍വര്‍ എംഎല്‍എ നേരത്തേ രംഗത്തെത്തിയിരുന്നു.
Content Highlights- driver rajit kumar against police on mami missing case