തിരുവനന്തപുരം: ബാലരാമപുരത്ത് സമാധിയായെന്ന് പറഞ്ഞ് മകന്‍ സ്ലാബിട്ട് മൂടി. ചുമട്ട് തൊഴിലാളിയായ ഗോപന്‍ (78)നെയാണ് മകന്‍ സ്ലാബിട്ട് മൂടിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഗോപന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് പൊലീസിന്റെ തീരുമാനം.
പിതാവ് മരിച്ച വിവരം സമാധിയായി എന്ന നിലയില്‍ കുടുംബം രേഖപ്പെടുത്തിയ പോസ്റ്ററിലൂടെയാണ് നാട്ടുകാര്‍ അറിയുന്നത്. ഇതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവം വിവാദമായതോടെ അച്ഛന്റെ ആഗ്രഹപ്രകാരം സമാധി ഇരുത്തി എന്ന് വ്യക്തമാക്കി ഗോപന്റെ മകന്‍ രംഗത്തെത്തി. ഇതിന് ശേഷം സ്ലാബിട്ട് മൂടുകയായിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ മാത്രമാണ് താന്‍ ചെയ്തത്. മറ്റെല്ലാ ഒരുക്കങ്ങളും പിതാവ് കാലേകൂട്ടി ചെയ്തിരുന്നുവെന്നും മകന്‍ പറഞ്ഞു.
ബന്ധുജനങ്ങളില്‍ 'സമാധി'ക്ക് സാക്ഷിയായത് താന്‍ മാത്രമാണെന്നും മകന്‍ പറഞ്ഞു. പിതാവ് സ്വന്തമായി അധ്വാനിച്ച പണം കൊണ്ടാണ് അദ്ദേഹം പൂജ ചെയ്തിരുന്ന അമ്പലം കെട്ടിയതെന്നും മകന്‍ പറയുന്നു. സമാധിയായ ശേഷം അമ്മയേയും, തന്റെ ഭാര്യയേയും കൂട്ടിക്കൊണ്ടുവന്ന് തൊഴുത ശേഷം മടക്കിയയച്ചതായും മകന്‍ പറഞ്ഞു. താനും സഹോദരനും മാത്രമാണ് 'തത്വപ്രകാരം' സ്ഥലത്തുണ്ടായിരുന്നതെന്നും മകന്‍ വ്യക്തമാക്കി.
സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സിഐ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ മൂടിയ സ്ഥലം പൊളിച്ചു പരിശോധിക്കാന്‍ അനുമതി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്മേല്‍ കളക്ടറുടെ തീരുമാനം ഇന്നറിയാം. തുടര്‍നടപടിയുടെ ഭാഗമായി മൂടിയ സ്ഥലം പൊളിച്ച് കൂടുതല്‍ പരിശോധന നടത്തിയേക്കുമെന്നാണ് വിവരം.
Content Highlights- man buried father with slab in thiruvananthapuram